വടാ ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ ചിത്രമായ വടാ ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ദേശീയ അവാര്‍ഡ് ജേതാവായ വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്തത്. ഒക്ടോബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിന്റെ പ്രീമിയര്‍ നടക്കാന്‍ പോകുന്നത് പിന്‍ഗ്യായോ ക്രൗചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരിക്കും.

ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷാണ് വടാ ചെന്നൈയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ആന്‍ഡ്രിയ ജെര്‍മിയ, സമുദ്രക്കനി, അമീര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടി കൊടുത്ത ആടുകളവും അന്താരാഷ്ട്ര ശ്രദ്ധ നേടിയ വിസാരണൈയും ഒരുക്കിയ വെട്രിമാരന്റെ നാലാമത്തെ ചിത്രമാണ് വടാ ചെന്നൈ. വേല്‍രാജ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബി വെങ്കിടേഷാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കബാലി, കാല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വടാ ചെന്നൈയ്ക്കു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

ഗാല സെക്ഷനില്‍ ആണ് വട ചെന്നൈയുടെ പ്രീമിയര്‍ നടക്കുക. പിന്‍ഗ്യായോ ക്രൗചിങ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സെക്കന്റ് എഡിഷന്‍ ആണ് ഇത്തവണ നടക്കാന്‍ പോകുന്നത്. ചൈനയിലെ ഷാങ്ക്‌സി പ്രൊവിന്‍സിലെ യുണൈറ്റഡ് നേഷന്‍സ് ഹെറിറ്റേജ് ടൗണ്‍ ഓഫ് പിന്‍ഗ്യാവോയില്‍ ആണ് ഈ ചലച്ചിത്രമേള നടക്കുന്നത്. ഒക്ടോബര്‍ പതിനൊന്നു മുതല്‍ ഇരുപതു വരെയാണ് ഈ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്.