ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കുപിന്നാലെ നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി സഖ്യ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്തെത്തിയെന്ന വാര്‍ത്തയാണ് അതേസമയം മറുവശത്ത്പുറത്ത് വന്നിട്ടുള്ളത്. അണ്ണാഡിഎംകെയിലെ ചില പ്രമുഖ നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കുന്നതിനൊപ്പം പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയതായി താരത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയന്‍ വെളിപ്പെടുത്തിയെന്നാണ് വാര്‍ത്ത.
ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. രണ്ടുദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍പ്പെടാത്ത ഒരുരൂപപോലും വിജയ്‌യുടെ വീട്ടില്‍നിന്ന് പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിന് കഴിഞ്ഞില്ലെന്നും തങ്ങളുടെ ആരാധനാപാത്രം സംശുദ്ധനാണെന്ന് ഇതുതെളിയിച്ചുവെന്നും ഇവര്‍ വാദിക്കുന്നു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് നേരിട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. എന്നാല്‍, 2018ല്‍ പുറത്തിറങ്ങിയ ‘സര്‍ക്കാര്‍’ എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കാണിച്ചുകൊടുക്കുമെന്നുമായിരുന്നു വിജയ്‌യുടെ പ്രസ്താവന. മകന്‍ രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞിട്ടുണ്ട്.
ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു പൊതുസമ്മേളനം നടത്തി രജനി രാഷട്രീയ പ്രവേശന പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. സംസ്ഥാനത്തുടനീളം റാലികളും സംഘടിപ്പിക്കും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്തുണ്ടാകും. രജനീകാന്തും മത്സരിക്കുമെന്നാണ് അഭ്യൂഹം. രജനി പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ബിജെപി പിന്തുണയ്ക്കാനും സാധ്യതയേറെയാണ്. ദ്രാവിഡ രാഷ്ട്രീയത്തെ മറികടന്നു തമിഴ്‌നാട്ടില്‍ നേട്ടമുണ്ടാക്കാനുള്ള അവസരം തേടുന്ന ബിജെപിക്ക് ഈ നീക്കം പ്രയോജനം ചെയ്യും. തമിഴരെ ഭരിക്കാന്‍ തമിഴര്‍ മതിയെന്ന പ്രചാരണത്തിനു തടയിടാനാണ് സഖ്യചര്‍ച്ചകള്‍ തുടങ്ങിയതെന്നാണു സൂചന. സംസ്ഥാനത്തിനു പുറത്തു നിന്നെത്തി ഭരണത്തിലേറിയ എംജിആര്‍, ജയലളിത എന്നിവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാനും ശ്രമമുണ്ടാകും. 2017 ഡിസംബര്‍ 31ന് രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരെ അണിനിരത്തി നടത്തിയ സമ്മേളനത്തിലാണു രാഷ്ട്രീയത്തിലിറങ്ങുമെന്നു രജനീകാന്ത് അറിയിച്ചത്. യുദ്ധത്തിന് തയാറായിരിക്കാന്‍ ആരാധകര്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. ജയലളിതയുടെ ശൂന്യത തീര്‍ത്ത അനാഥാവസ്ഥയില്‍ ഏത് താരത്തിന്റെ പ്രഭാവമാകും തമിഴ്‌നാട് രാഷ്ട്രീയത്തെ സ്വാധീനിക്കുകയെന്ന് കാത്തിരുന്നറിയാം.