തമിഴ് നടന്‍ ചെല്ലാദുരൈ അന്തരിച്ചു

വിജയ് ചിത്രം തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.എസ്.ജി. ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രണ്ട് മണിയോട് കൂടി മരണനാന്തര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടനായിരുന്നു ചെല്ലാദുരൈ. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളാണ് പ്രധാനപ്പെട്ടവ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും, ആരാധകരും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

നിരവധി സിനിമകളില്‍ സഹനടനായി ചെല്ലാദുരൈ അഭിനയിച്ചിട്ടുണ്ടെങ്കിലും മാരി. തെരി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കി.

 

വിജയിയുടെ തെരിയില്‍ അദ്ദേഹം കാണാതായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷമാണ് ചെയ്തിരിക്കുന്നത്. മകള്‍ മരിച്ചു എന്ന അറിഞ്ഞപ്പോള്‍ ചെല്ലാദുരൈ ചെയ്ത പ്രകടനം പ്രേക്ഷകരുടെ കണ്ണ് നിറച്ചിരുന്നു. സിനിമ മേഖല ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗത്തെ കാണുന്നത്.

വിജയിയുടെ 59ാമത്തെ ചിത്രമായിരുന്നു തെരി.വിജയ് മൂന്ന് വേഷങ്ങളിലെത്തിലാണ് ചിത്രത്തിലെത്തിയത്.ഇത് തന്നെയായിരുന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകതയും.സാമന്തയും ആമി ജാക്സണുമാണ് തെരിയില്‍ വിജയുടെ നായികമാരാകുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തെരിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്നിഷ്റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയണ്‍. കലൈപുരി എസ്. ധനുവാണ് ചിത്രം നിര്‍മ്മിച്ചത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് മാരി. ധനുഷ്, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാധിക ശരത്കുമാറിന്റെ മാജിക് ഫ്രെയിംസ്, ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിംലിസ് എന്നിവ സംയുക്തമായി നിര്‍മിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അനിരുദ്ധ് രവിചന്ദര്‍ ആണ്. 2014 നവംബര്‍ 4ന് ചിത്രത്തിന്റെ ഫോട്ടോഗ്രഫി ആരംഭിച്ചു. ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലായാണ് മാരി ചിത്രീകരിച്ചത്. 2015 ജൂലൈ 17ന് ചിത്രം പുറത്തിറങ്ങി.