കൊവിഡ് വിവരങ്ങൾക്കായി ട്വിറ്റർ പേജ് വിട്ടുനൽകി ആർആർആർ ടീം

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജ് കൊവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി വിട്ടു നല്‍കാന്‍ തീരുമാനിച്ച് ആര്‍ആര്‍ആര്‍ ടീം .സംവിധായകന്‍ രാജമൗലി ആണ് ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

ഈ സമയം ഭീകരമാണ്. ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിനായുള്ള ശ്രമം തുടങ്ങുന്നു. ഇനി മുതല്‍ ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ ഒഫീഷ്യല്‍ അക്കൗണ്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഫോളോ ചെയ്യാം. നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും സഹായം എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും എന്നാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് ഭീഷണി ശക്തമാകുന്നതിനിടെ സഹായമഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നിരവധി പേരാണ് കോവിഡ് ആശുപത്രികളിലെ ബെഡ്ഡിനും ഓക്‌സിജനുമായി സഹായം അഭ്യര്‍ത്ഥിക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആറും രാംചരണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍.ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണിത്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ‘ആര്‍ആര്‍ആര്‍’. 450 കോടി മുതല്‍ മുടക്കിലാണ് ആര്‍ആര്‍ആര്‍ ഒരുങ്ങുന്നത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് കോമരം ഭീം ആയി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട് . ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം എം.എം. കീരവാണി.