ടി.എ. റസാക്ക് എന്ന തിരക്കഥാകൃത്തിന്റെ ഓര്‍മ്മ ദിവസമാണ് ആഗസ്റ്റ് 15. 2016 ആഗസ്റ്റിലാണ് അദ്ദേഹം വിട പറയുന്നത്. അദ്ദേഹത്തിനെ കുറിച്ചുള്ള തന്റെ മായാത്ത് ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് നടന്‍ വിനോദ് കോവൂര്‍.
ടി.എ. റസാക്ക് എന്ന തിരക്കഥാകൃത്ത് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം കൂടി കടന്ന് പോകുന്നു. എന്നെയും എന്നിലെ അഭിനേതാവിനേയും ഒരു പാട് സ്‌നേഹിച്ച ഒരു എഴുത്ത് ക്കാരന്‍. എനിക്ക് സിനിമയില്‍ ഒരു മേല്‍ വിലാസം ഉണ്ടാക്കി തന്നതും റസാക്കയാണ്. കുട്ടികാലം മുതല്‌ക്കെ ഞാന്‍ സ്വപ്നം കണ്ടിരുന്ന മമ്മുക്ക എന്ന മഹാനായ അഭിനേതാവിന്എന്നെ പരിചയപ്പെടുത്തിയതും റസാക്കയുടെ നല്ല മനസാണ്. ‘പരുന്ത്’ എന്ന പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു കൊച്ചു വേഷം ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചു റസാക്ക. കോഴിക്കോട് മഹാറാണി ഹോട്ടലിലെ മുറയില്‍ വെച്ച് കഥാപാത്രത്തെ കുറിച്ച് എന്നോട് പറഞ്ഞു. മമ്മുക്കയോടൊപ്പമുള്ള കോമ്പിനേഷന്‍ സീനാണെന്ന് കേട്ടതോടെ മനസില്‍ പൂത്തിരി കത്തി. സിനിമയുടെ ടേണിംഗ് പോയന്റാണ് ഈ സീന്‍ .ഈ കഥാപാത്രം എന്നോട് ചെയ്യാനാണ് മമ്മുക്ക പറഞ്ഞത്. ഞാനത് നിന്നെ ഏല്പ്പ്പിക്കുകയാണ് നന്നായ് ചെയ്യണം എന്ന് റസാക്ക. പിറ്റേ ദിവസമാണ് ഷൂട്ട്. അന്ന് രാത്രി സ്വപ്നം പൂവണിയുന്ന സന്തോഷവുമായ് ഉറങ്ങി പിറ്റേന്ന് ഷൂട്ടിംഗ് ലൊക്ഷേ നില്‍ എത്തി മേക്കപ്പ് ചെയ്ത് ഡ്രസും അണിഞ്ഞ് ഡയലോഗും പഠിച്ച് ഞാന്‍ നില്ക്കുകയാണ്. മമ്മുക്ക വന്നു ഹോസ്പ്പിറ്റല്‍ സീനാണ് വയറ്റത്ത് കത്തി കുത്തേറ്റ് കിടക്കുകയാണ്. ഡയരക്ടര്‍ പത്മകുമാര്‍ സാര്‍ എന്നെ മമ്മുക്ക ക്ക് പരിചയപ്പെടുത്തിയപ്പോള്‍ . മമ്മുക്ക പറഞ്ഞു അപ്പോള്‍ ഈ കഥാപാത്രം റസാക്ക് ചെയ്യാമെന്ന് പറഞ്ഞതല്ലേ?.
ഡയരക്ടര്‍ പറഞ്ഞു, ഇല്ല റസാക്ക ചെയ്യുന്നില്ലെന്ന് പറഞ്ഞു. റസാക്കിനെ വിളിച്ചേന്ന് സീരിയസായി മമ്മുക്ക പറഞ്ഞപ്പോള്‍ ഡയരക്ടര്‍ റസാക്കയെ വിളിക്കാന്‍ പോയി. ആ സമയം എന്റെ മനസില്‍ ആകുലതകളായിരുന്നു. എന്റെ അവസരം നഷ്ട്ടപ്പെടും എന്ന് ഞാന്‍ ഉറപ്പിച്ചു മാറി നിന്നു . ഈ സമയം റസാക്ക വന്ന് എന്റെ കൈപിടിച്ച് മമ്മുക്കയുടെ അടുത്ത് ചെന്നു. സ്വതസിദ്ധമായ രീതിയില്‍ റസാക്ക മമ്മുക്കയോട് പറഞ്ഞു. ഞാനത് വെറുതെ പറഞ്ഞതല്ലേ .എനിക്ക് അഭിനയമൊന്നും ശരിയാകില്ല. ഇതാ ഇവന്‍ ചെയ്യും ആ കഥാപാത്രം, എനിക്ക് വളരെ പ്രിയപ്പെട്ട കോഴികോട്ടെ ഒരു നടനാ… അവന് ഒരു അനുഗ്രഹം കൊടുത്താള്. ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ വീണ്ടും മാനം തെളിഞ്ഞ പ്രതീതി. മമ്മുക്ക ചിരിച്ചു. എന്താ പേരെന്ന് ചോദിച്ചു. പേര് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ഓന്‍ നാടക നടനാ ,മിമിക്രികാരനാ, പാട്ട്കാരനാ, എന്താ പോരെ. മമ്മുക്കയുടെ മുഖത്ത് ചിരി വിടര്‍ന്നു. ഞാന്‍ മമ്മുക്കയുടെ കൈ കേറി പിടിച്ചിട്ട് പറഞ്ഞു അനുഗ്രഹിക്കണംന്ന് ബെഡില്‍ കിടക്കുന്ന മമ്മുക്കയുടെ അടുത്തേക്ക് ഞാന്‍ കുനിഞ്ഞ് നിന്നു മമ്മുക്ക എന്റെ തലയില്‍ ഒന്ന് കൈ വെച്ചു. കലാജീവിതത്തിലെ ധന്യനിമിഷം. ശേഷം ഷൂട്ട് നടന്നു ഒറ്റ ടേക്കില്‍ സീന്‍ ഓക്കെയായ് . മമ്മുക്ക അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചു .കേവലം ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള സീന്‍ അവിടെ കഴിഞ്ഞു. ഡ്രസ് മാറി ഭക്ഷണം കഴിച്ച് റസാക്കയോട് യാത്ര പറയാനും നന്ദി പറയാനും ചെന്നപ്പോള്‍ റസാക്ക പറഞ്ഞു. മമ്മുക്ക നിന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് ട്ടോ. നിന്റെയുളളില്‍ നല്ല ഒരു നടനുണ്ടെന്നും പറഞ്ഞു. എന്താ പോരെ പള്ള നെറഞ്ഞില്ലേന്ന് റസാക്ക. റസാക്കയുടെ കൈതണ്ടില്‍ ഒരു ഉമ്മ കൊടുത്ത് ഞാനെന്റെ സന്തോഷവും നന്ദിയും അറിയിച്ചു. അപ്പോള്‍ ഫിനാന്‍സ് മാനേജര്‍ വന്ന് ഒരു കവര്‍ റസാക്കയെ എല്പ്പ്പിച്ചു. റസാക്ക തന്നെ വിനോദിന് കൊടുത്തേക്കുന്നും പറഞ്ഞു. റസാക്ക ആ കവര്‍ എന്റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു ഇതാ നിന്റെ പ്രതിഫലം എന്ന് . ഒരു ചെറിയ സീനില്‍ സിനിമയില്‍ അഭിനയിച്ചതിന് എനിക്ക് ലഭിച്ച വലിയ പ്രതിഫലമായിരുന്നു അത്.
സിനിമ ആദ്യ ദിവസം തന്നെ കോഴിക്കോട് അപ്‌സര തീയേറ്ററില്‍ കുടുംബ സമേതം പോയ് കണ്ടപ്പോള്‍ എന്റെ സീനില്‍ ഞാന്‍ ഡയലോഗ് പറഞ്ഞ് മമ്മുക്കയുടെ കഴുത്തിലെ മാലയും വാങ്ങി പോകുമ്പോള്‍ തിയേറ്ററില്‍ നിന്ന് മമ്മുക്കയുടെ ഒരു ആരാധകന്‍ നിശബ്ദതയില്‍ ഉറക്കെ വിളിച്ച് പറഞ്ഞു ‘ മമ്മുക്കാ ഓന്‍ ബരൂല ഓന്‍ കള്ളനാന്ന് ‘ അപ്പോള്‍ തീയേറ്ററില്‍ ഒരു ചിരി പടര്‍ന്നു. എന്റെയും കുടുംബത്തിന്റേയും അടുത്തിരുന്നവരെല്ലാം ആകാംക്ഷയോടെ എന്നെ ഒന്ന് നോക്കി. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോള്‍ പലരും വന്ന് അഭിനന്ദിച്ചു .ചെറിയ വേഷമാണെങ്കിലും നന്നായ് ചെയ്തു എന്ന് പലരും. അങ്ങനെ സിനിമയില്‍ എനിക്ക് ഒരു മേല്‍ വിലാസം ലഭിച്ചു. അതിന് കാരണക്കാരനായ റസാക്കയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല
എന്നും ഓര്‍മ്മയില്‍ ഉണ്ട് റസാക്കയോടുള്ള നന്ദിയും കടപ്പാടും.