
ഫിറ്റ്നസ് എന്നാൽ കേവലം സിക്സ് പാക്ക് നിർമാണമല്ലെന്നും കൃത്യമായ സമീകൃത ജീവിതരീതിയാണെന്നും തുറന്നുപറഞ്ഞ് തെന്നിന്ത്യൻ താരം സൂര്യ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ ഫിറ്റ്നസ് കാഴ്ചപ്പാടുകളിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്. അഭിമുഖത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തനിക്ക് നൽകിയ വിലപ്പെട്ട ഫിറ്റ്നസ് ഉപദേശങ്ങളെക്കുറിച്ചും സൂര്യ പ്രത്യേകം ഓർത്തെടുത്തു.
ഭക്ഷണക്രമത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് താൻ ഇപ്പോഴും ജീവിതത്തിൽ പകർത്തുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു. ‘ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്’ എന്ന മമ്മൂട്ടിയുടെ ലളിതമായ സന്ദേശം തന്റെ ഭക്ഷണരീതിയെ ഏറെ സ്വാധീനിച്ചു. ഇതിനൊപ്പം ദിവസം എട്ടു മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരു കാരണവശാലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി താരം വെളിപ്പെടുത്തി.
പ്രായത്തിനനുസരിച്ച് വ്യായാമരീതികളിൽ വന്ന വലിയ മാറ്റങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഇരുപതുകളിൽ മസില പെരുപ്പിക്കുന്നതിലും സിക്സ് പാക്കിലുമായിരുന്നു ശ്രദ്ധയെങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിക്കും ചലനക്ഷമതയ്ക്കുമാണ് (മൊബിലിറ്റി) മുൻഗണന നൽകുന്നത്. മുൻപ് നടുവിന് പരിക്കേറ്റ പശ്ചാത്തലത്തിൽ അമിത ഭാരമുയർത്തിയുള്ള വ്യായാമങ്ങളും പവർലിഫ്റ്റിങ്ങും പൂർണമായി ഒഴിവാക്കി. പകരം ഫങ്ഷണൽ സ്ട്രെങ്ത് ട്രെയിനിങ്, പുൾ-അപ്പുകൾ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശരീരസൗന്ദര്യത്തിന് അപ്പുറം ഭക്ഷണം, ഉറക്കം, മാനസിക സമ്മർദ്ദം, ജോലി എന്നിവ കൃത്യമായി സന്തുലിതമാക്കി കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്ന് സൂര്യ പറയുന്നു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ശരീരത്തിലെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാര്യ ജ്യോതികയ്ക്കൊപ്പമുള്ള അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.