
കമൽഹാസൻ ചിത്രം ‘വിക്രമി’ലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് നടൻ സൂര്യ. സംവിധായകൻ ലോകേഷ് കനകരാജുമായി ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് ആരാധകരെപ്പോലെ തന്നെ തനിക്കും ഇപ്പോൾ വ്യക്തമായ വിവരങ്ങളൊന്നുമില്ലെന്നാണ് താരം തുറന്നുപറയുന്നത്. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ഈ പ്രൊജക്റ്റിനെക്കുറിച്ചും തന്റെ മറ്റ് പുതിയ സിനിമകളെക്കുറിച്ചും സൂര്യ മനസ്സ് തുറന്നത്.
നിലവിൽ സംവിധായകൻ ലോകേഷ് കനകരാജ് അല്ലു അർജുൻ ചിത്രത്തിന്റെ തിരക്കിലാണെന്നും, അതിനുശേഷം ‘വിക്രം 2’ ആണ് പദ്ധതിയിലുള്ളതെന്നും സൂര്യ വ്യക്തമാക്കി. റോലക്സിനായി തിരക്കഥ തയ്യാറാക്കുന്നുണ്ടെന്ന് അഭിമുഖങ്ങളിൽ ലോകേഷ് പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും സിനിമ എപ്പോൾ ആരംഭിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും, കാലം തീരുമാനിക്കട്ടെ എന്നും ചിരിയോടെ താരം കൂട്ടിച്ചേർത്തു.
അതേസമയം, മറ്റ് ചില വൻ പദ്ധതികളുടെ ആവേശത്തിലാണ് താരം. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റുകൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം പൂർത്തിയായി. സൂര്യയുടെ സ്വന്തം നിർമ്മാണക്കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിൽ നസ്രിയ നസീം ആണ് നായികയായി എത്തുന്നത്. ചിത്രം ഈ വർഷാവസാനത്തോടെ തിയേറ്ററുകളിലെത്തും.
ഇതിനുപുറമേ, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു സൂര്യ ചിത്രം. മമിത ബൈജു നായികയാകുന്ന ഈ ചിത്രം ഓഗസ്റ്റ് 14-നാണ് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന് മാറ്റുകൂട്ടാൻ സൂര്യ തന്നെ പാടിയ ഒരു ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.