
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സൗഹൃദസംഘത്തെ ‘ട്രിവാന്‍ഡ്രം ബെല്‍റ്റ്’ എന്നും ‘നായന്മാരുടെ ബെല്‍റ്റ്’ എന്നും വിളിക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് സുരേഷ് കുമാര്‍. തങ്ങളുടെ കൂട്ടായ്മയില്‍ ഒരിക്കലും ജാതിയോ മതമോ ഉണ്ടായിരുന്നില്ലെന്നും സിനിമ ചെയ്യുമ്പോഴുള്ള തമാശകള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ കടന്നുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കവെ, അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേഷ് കുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
തങ്ങള്‍ക്കിടയില്‍ സിനിമ മാത്രമായിരുന്നു പ്രധാനമെന്നും ജാതി നോക്കിയല്ല സൗഹൃദം സ്ഥാപിച്ചതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. തങ്ങളുടെ കൂട്ടായ്മയിലെ പ്രധാനിയായ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി നായര്‍ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുമിച്ച് സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷവും കൂട്ടായ്മയുമാണ് വിജയങ്ങള്‍ക്ക് പിന്നിലെന്നും അതിനെ ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് കുമാറിന്റെ വാക്കുകൾ;
”ഇപ്പോള്‍ ബെല്‍റ്റ് മാറി ബക്കിള്‍ മാത്രമായി. ഓരോരുത്തരായി തൊഴിഞ്ഞുപോയി. ശരിക്കും അങ്ങനൊരു ഗ്രൂപ്പ് ഇവിടെ ഉണ്ടായിരുന്നു. പക്ഷെ സൗഹൃദത്തില്‍ ജാതി ചോദിച്ചിട്ടില്ല. പ്രിയനും ഞാനും മോഹന്‍ലാലുമൊന്നും അങ്ങോട്ടും ഇങ്ങോട്ടും ജാതി ചോദിച്ച് എന്‍എസ്എസ് കരയോഗം ഉണ്ടാക്കിക്കളയാം എന്ന് കരുതിയല്ലല്ലോ സിനിമ ചെയ്യുന്നത്. അങ്ങനൊരു പരിപാടിയേയില്ല. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ വിവേചനമില്ല. ഞങ്ങളുടെ പേരിന്റെ കൂടെ വാലൊന്നും വച്ചിട്ടില്ല’
സിനിമയില്‍ ജാതിയൊന്നും ഇല്ല. മോഹന്‍ലാലിനെ കൊണ്ടു വന്നത് ഫാസിലാണ്, മമ്മൂട്ടിയെ കൊണ്ടുവന്നത് എംടി വാസുദേവന്‍ നായരാണ് എന്ന് മണിയന്‍പിള്ള രാജുവും പറയുന്നുണ്ട്. അതേസമയം, പറ്റിപ്പോയതാണ്. വന്ന് ചേര്‍ന്നവരൊക്കെ നായന്മാരാണെന്ന് പിന്നീടാണ് അറിയുന്നത്. അപ്പോഴേക്കും ഇവന്മാരുടേത് നായന്മാരുടെ ഗ്രൂപ്പാണെന്നൊരു ചീത്തപ്പേരുമായി.
ഞങ്ങള്‍ ഇവിടെ വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു. ഇപ്പോള്‍ കുറേപ്പേര്‍ ഇവിടുന്ന് പോയി. കുറേപ്പേര്‍ എറണാകുളത്ത് പോയി സെറ്റില്‍ ആയി. ഇപ്പോള്‍ പ്രിയനും വീടും വിറ്റ് പോവുകയാണ്. പൃഥ്വിരാജും തിരുവനന്തപുരത്തു നിന്നും പോയില്ലേ. പോകുന്നവര്‍ പോകട്ടെ. ആരൊക്കെ പോയാലും തിരുവനന്തപുരം തിരുവനന്തപുരമായി ഉണ്ടാകും.
മലയാള സിനിമയില്‍ നിരവധി എക്കാലത്തെയും വലിയ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവരുടേത്. തിരുവനന്തപുരം മോഡല്‍ സ്കൂളിലെയും യൂണിവേഴ്സിറ്റി കോളേജിലെയും സൗഹൃദകാലം മുതല്‍ തുടങ്ങിയ ഇവരുടെ ബന്ധത്തെ പലപ്പോഴും ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാറുള്ള വിവാദ പ്രയോഗങ്ങളോടാണ് സുരേഷ് കുമാര്‍ ഇപ്പോള്‍ വേദിയില്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയത്.