
നടി വിൻസി അലോഷ്യസ് നൽകിയ പരാതിയെ തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും, സർക്കാരും പോലീസും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ഇടപെടണമെന്നും നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ സുരേഷ് കുമാർ പറഞ്ഞു.
“എന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ല. എന്നാൽ ഈ വ്യക്തി ലഹരി ഉപയോഗിക്കുന്നതായുള്ള ആരോപണം സിനിമാ വൃത്തങ്ങളിൽ വ്യാപകമാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല, സിനിമാ സെറ്റുകളിൽ നിരവധി അഭിനേതാക്കളും ടെക്ക്നീഷ്യന്മാരും ലഹരി ഉപയോഗിക്കുന്നു,” എന്നായിരുന്നു സുരേഷ് കുമാറിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ കാരവാൻ ഓണേഴ്സുമായി നടന്ന യോഗത്തിൽ ലഹരി പുക കാരണം കാരവാനുകൾ ഉപയോഗിക്കാൻ പോലും കഴിയുന്നില്ലെന്ന പരാതിയും ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.“നൂറ് ശതമാനം ഇയാളെ മാറ്റിനിർത്തും. നടപടി എടുക്കും. അതിൽ ഭയപ്പെടേണ്ടതില്ല,” എന്നും സുരേഷ് കുമാർ വ്യക്തമാക്കി.
വിൻസി അലോഷ്യസ് നേരത്തെ ലഹരി ഉപയോഗിച്ച ഒരു നടനിൽ നിന്ന് മോശം അനുഭവം നേരിട്ടതിനെ തുടർന്ന് ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നു ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയാണ് ഫിലിം ചേംബറിനും സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കുമെതിരെ വിൻസി നൽകിയത്.