സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു, കൂടെ നസ്രിയയും

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ നസ്രിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മണിച്ചിത്രത്താഴ്, ഇന്നലെ, കമ്മിഷണര്‍, രജപുത്രന്‍ എന്നിവയാണ് സുരേഷ്‌ഗോപി- ശോഭന ജോഡികള്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍. കൂടാതെ 2005 ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലും ഇരുവരും ഒരുമിച്ചഭിനയിച്ചു.

2013 ല്‍ റിലീസ് ചെയ്ത തിരയാണ് ശോഭന അവസാനമായി മലയാളത്തില്‍ ചെയ്ത സിനിമ. നിലവില്‍ സുരേഷ് ഗോപി ലോകസ്ഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സിനിമാ ചിത്രീകരണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.