
അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വിമർശനത്തിൽ പോലും സൗകുമാര്യം നിലനിർത്തിയ കലാകാരനായിരുന്നു ശ്രീനിവാസനെന്നും, അദ്ദേഹത്തിന്റെറെ വിയോഗം തനിക്ക് വ്യക്തിപരമായുള്ള ദുഃഖമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ഭാഷയെ ഇത്ര നന്നായി ഉപയോഗിച്ച സാഹിത്യകാരൻ സിനിമയിൽ വേറെ ഉണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഭാഷയെ ഇത്ര നന്നായി ഉപയോഗിച്ച സാഹിത്യകാരൻ സിനിമയിൽ വേറെ ഉണ്ടോ എന്നത് സംശയമാണ്. വിമർശനത്തിൽ പോലും സൗകുമാര്യം നിലനിർത്തിയ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെറെ വിയോഗം എനിക്ക് വ്യക്തിപരമായുള്ള ദുഖമാണ്. ശ്രീനിവാസനും ഞാനുമായുള്ള ബന്ധം തുടങ്ങുന്നത് എന്റെ അച്ഛനിലൂടെയാണ്. കഠിനമായ ഭൂതകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞാനെപ്പോഴും ശ്രീനിവാസൻ്റെ ആരാധകൻ എന്ന നിലയിൽ ഓർക്കാൻ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ്. തൻ്റേതായ തലം സൃഷ്ടിച്ചയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.”സുരേഷ് ഗോപി പറഞ്ഞു
“മധുരമായും രൂക്ഷമായും പ്രതികരിച്ച ശ്രീനിവാസൻ മലയാളിക്ക് ശുദ്ധിയുള്ള കാഴ്‌ചപ്പാട് സമ്മാനിച്ച വ്യക്തിയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലം മുതൽ അടുത്ത ബന്ധമുണ്ട്. ഞാനെന്നും ശ്രീനിവാസന്റെ ആരാധകനാണ്. പോളണ്ട് എന്ന പ്രയോഗത്തിലൂടെ കേരളത്തിലെ രാഷ്ട്രീയത്തിന് അദ്ദേഹം താക്കീത് നൽകി. ശ്രീനിവാസന് എതിരായ വിമർശങ്ങളെ വിഷം പുരട്ടിയ മുനയുള്ള വിമർശമായി പുച്ഛിച്ചു തള്ളണം. ശ്രീനിവാസനുള്ള ഏറ്റവും വലിയ പുരസ്കാരം ജനങ്ങൾ നൽകിക്കഴിഞ്ഞു.” സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.