സന്തോഷത്തോടെ സുരഭി

കുട്ടനാടന്‍ മാര്‍പാപ്പ, കിനാവള്ളി എന്നീ രണ്ടു സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവനടിയാണ് സുരഭി സന്തോഷ്. കന്നട സിനിമയിലൂടെ തുടക്കം കുറിച്ച് ഇന്നു മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളാണ് സുരഭിക്കായി കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രങ്ങളായ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, ജയറാം ചിത്രം ഗ്രാന്‍ഡ്ഫാദര്‍ എന്നിവയുടെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് സുരഭി.

. എന്തൊക്കെയാണ് ഗ്രാന്‍ഡ് ഫാദറിന്റെ വിശേഷങ്ങള്‍..

. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹസീബ് ഹനീഫിനൊപ്പമുള്ള എന്റെ രണ്ടാമത്തെ പ്രൊജക്ടാണ് ഗ്രാന്‍ഡ് ഫാദര്‍. ആദ്യത്തെത് കുട്ടനാടന്‍ മാര്‍പ്പാപ്പയായിരുന്നു. ഈ ചിത്രം നല്ലൊരു ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും. എനിക്ക് ഒരുപാട് പ്രതീക്ഷകളുള്ളൊരു ചിത്രമാണ് ഇത്.

. കഥാപാത്രത്തെക്കുറിച്ച് പറയാമോ..

.ശാരണ്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സസ്‌പെന്‍സ് നിറഞ്ഞൊരു കഥാപാത്രമാണത്. ജയറാമേട്ടന്റെ കുടുബത്തിലേയ്ക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു കഥാപാത്രമാണ് എന്റേത്. കൂടുതല്‍ വിശദീകരിച്ചാല്‍ ആ ക്യാരക്ടറിന്റെ സസ്‌പെന്‍സ് പോവും. മുഴുനീള കഥാപാത്രമാണ് ചെയ്യുന്നത്. ഈ കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.

.വരാനിരിക്കുന്ന പ്രൊജക്ട്?

. അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. അത് കഴിഞ്ഞ് വിഷുവിനാണ് ഗ്രാന്‍ഡ് ഫാദറിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ രണ്ട് ചിത്രങ്ങളുമാണ് ഇപ്പോള്‍ ഉള്ളത്. ബാക്കി ഡിസ്‌ക്കഷന്‍സും കാര്യങ്ങളുമെല്ലാം നടക്കുന്നു. നല്ല പ്രോജക്ട്‌സ് വന്നാല്‍ തീര്‍ച്ചയായിട്ടും ചെയ്യും.

.ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയെക്കുറിച്ച്?

. ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയും ഒരു കുടുംബ ചിത്രമാണ്. ഫ്രണ്ട്ഷിപ്പിന് പ്രാധാന്യംകൊടുത്ത് ചെയ്‌തൊരു ചിത്രമാണ്. ഹരിശ്രീ അശോകന്‍ ചേട്ടന്റെ ആദ്യ സംവിധാന സംരഭമാണ്. അതിനാല്‍ തന്നെ ഒരുപാട് ഹോംവര്‍ക്കും ഹാര്‍ഡ്‌വര്‍ക്കും ചെയ്‌തൊരു ചിത്രമാണിത്. അതിന്റെയെല്ലാം റിസല്‍ട്ടും വന്നിട്ടുണ്ട്. പിന്നെ ഗോപീ സുന്ദര്‍, നാദിര്‍ഷ, അരുണ്‍രാജ് എന്നിവര്‍ ചെയ്ത വളരെ മനോഹരമായ ഗാനങ്ങളുണ്ട് ചിത്രത്തില്‍. എല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ പറ്റും ചിത്രം എന്നാണ് വിശ്വാസം.

.ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയിലെ ലച്ചുവിനെ കുറിച്ച്..

. ഒരു നഴ്‌സായിട്ടാണ്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ഞാന്‍ വീണ്ടും നഴ്‌സായിട്ടെത്തി. പക്ഷെ കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ ഒരു പാവം കുട്ടിയായിട്ടായിരുന്നു. ഇതില്‍ അല്‍പ്പം കുറുമ്പും വികൃതിയുമൊക്കെയുള്ള കഥാപാത്രമാണ്. ഭയങ്കര വായാടിയും എല്ലാവരോടും തല്ലുകൂടിയുമൊക്കെയുള്ള ക്യാരക്ടര്‍.

. ഒരു സംവിധായകനെന്ന നിലയില്‍ ഹരിശ്രീ അശോകന്‍ എങ്ങനെയുണ്ട്…

. പാവമാണ് അദ്ദേഹം. ഞാനൊരു പുതുമുഖമായിരുന്നിട്ട് പോലും അദ്ദേഹം ഒരിക്കലും സംവിധായകനെന്ന രീതിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ അഭിനയിക്കണമെന്ന രീതിയില്‍ നിര്‍ബന്ധിക്കില്ലായിരുന്നു. ഒരുപാട് ഫ്രീഡം തരും. സീന്‍ പറയും സ്വീകന്‍സ് പറയും നമ്മുടെ കഥാപാത്രത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതും അദ്ദേഹം പറയും. ബാക്കിയെല്ലാം നമ്മുടെ കൈയ്യിലാണ്. ആ ഒരു ഫ്രീഡമാണ് എനിക്ക് അദ്ദേഹത്തിനെകുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ ഓര്‍മ്മവരുന്നത്. എസ്‌ക്വയര്‍ സിനിമാസിന്റെ ഷിജിത്തേട്ടനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ഇന്റര്‍നാഷണല്‍ ലോക്കല്‍സ്‌റ്റോറി. ആദ്യ സിനിമയായിരുന്നിട്ട്‌പോലും ഒരു പ്രശ്‌നവുമില്ലാതെ വളരെ സ്മൂത്തായിട്ട്‌പോയൊരു സിനിമയായിരുന്നു ഇത്. ക്വാളിറ്റിയിലായാലും സെറ്റായാലും കോസ്റ്റിയൂമായാലുംപോലും എല്ലാം വളരെ റിച്ചായിട്ടുള്ളൊരു സിനിമയായിരുന്നു.

.ജയറാമിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ എക്‌സ്പീരിയന്‍സ്..

.ഞാന്‍ ഒരു സിനിമാ പശ്ചാത്തലത്തില്‍ നിന്ന് വരുന്നൊരു കുട്ടിയല്ല. അതിനാല്‍ തന്നെ തിയേറ്ററിലും ടീവിയിലുമൊക്കെയായിട്ട് കണ്ട് പരിചയമുള്ള ഒരു പ്രശസ്തനായ ഒരു ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിമ പെട്ടന്നായിരുന്നു വന്നത്. ജയറാമേട്ടന്റെ പേര് കേട്ടപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. അങ്ങനെ ഈ പ്രൊജക്ടിലേക്കെത്തി.

.ഏത് ഇന്‍ഡസ്ട്രിയാണ് കൂടുതല്‍ എളുപ്പം..

.ഞാന്‍ ജനിച്ചത് തിരുവനന്തപുരത്താണ്. പക്ഷെ എന്റെ അച്ചന്‍ മിലിട്ടറിയിലായത് കൊണ്ട് നാട്ടില്‍ ജീവിക്കാനുള്ള സാഹചര്യം അങ്ങനെ വന്നിട്ടില്ല. ഇന്ത്യ മൊത്തം ഇങ്ങനെ ചുറ്റിക്കറങ്ങുകയായിരുന്നു. അവസാനം സെറ്റിലായത് ബാംഗ്ലൂരാണ്. അതിനാല്‍ തന്നെ ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു ഇന്‍ഡസ്ടിയായിരുന്നു മലയാള സിനിമ. മലയാള സിനിമകള്‍ കന്നഡയിലേക്ക് മൊഴിമാറ്റിയിട്ടുള്ളത് കാണാറുണ്ടായിരുന്നു. പിന്നെ ഞാന്‍ ഒരു തമിഴ് സിനിമ ചെയ്തു. മലയാള സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ സുഗീത് ചേട്ടന്റെ കിനാവള്ളി എന്ന ചിത്രത്തിലേക്ക് അവസരം വന്നപ്പോള്‍ വേറൊന്നും നോക്കിയില്ല. ആ ചിത്രം ചെയ്തു. അത് കഴിഞ്ഞതിന് ശേഷം എനിക്ക് ഒരുപാട് സപ്പോര്‍ട്ടും ഒരുപാട് പ്രൊജക്ടുകളും മലയാളത്തില്‍ നിന്ന് കിട്ടി.

.ഫാമിലി..

.ഒരു ചെറിയ കുടുംബമാണ് എന്റെത്. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. ഇപ്പോള്‍ റിട്ടയേര്‍ഡായി. അമ്മ ഹൗസ്‌വൈഫാണ്. എനിക്കൊരു ചേട്ടനാണുള്ളത്. കല്ല്യാണം കഴിഞ്ഞു. ഇപ്പോള്‍ കാനഡയിലാണ്. പിന്നെ എന്റെ ചേട്ടത്തിയും ഞാനുമാണ് വീട്ടിലുള്ളത്. അതിനാല്‍ തന്നെ ചെറിയ കുടുംബം സന്തുഷ്ട കുടുംബം. ഫാമിലിയിലെ ആരും ഫിലിം പരിചയമുള്ള ആളുകളല്ല. അതിനാല്‍. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിട്ട് തോന്നി. അവരെ പോലെതന്നെ എനിക്കും ഒന്നും അറിയില്ലായിരുന്നു. എങ്കിലും നല്ല സപ്പോര്‍ട്ടായിരുന്നു ഫാമിലിയില്‍നിന്ന്. അവരുടെ സപ്പോര്‍ട്ട് കാരണം പഠിത്തത്തിലും എനിക്ക് ശ്രദ്ധിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ഞാന്‍ ബി.എ എല്‍എല്‍ബി കംപ്ലീറ്റ് ചെയ്തു.

.സിനിമയുമായിട്ട് മുന്നോട്ട് പോകുമോ..

. അറിയില്ല. സിനിമ നമ്മുടെ കൈയ്യിലുള്ള കാര്യമല്ല. അതില്‍ നമുക്കൊന്നും തീരുമാനിക്കാന്‍ പറ്റില്ല. കുറേ ഭാഗ്യം, ദൈവാനുഗ്രഹം, പ്രേക്ഷകരുടെ സപ്പോര്‍ട്ട് എന്നിവ വന്നു ചേര്‍ന്നാലെ നമുക്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ മുന്നോട്ട് പോകാന്‍ പറ്റൂ. എത്രത്തോളം പോകാന്‍ പറ്റുന്നുവോ അത്രത്തോളം പോകും. അത് കഴിഞ്ഞിട്ട് തിരിച്ച് നിയമത്തിലേയ്ക്ക് പോകാനാണ് ഇപ്പോഴത്തെ പ്ലാന്‍.

. കല്ല്യാണം?

.ഇല്ല. കുറച്ച് കാലം കൂടെ സിനിമ ചെയ്യണം. എന്തായാലും കല്ല്യാണം കഴിക്കണം. അല്ലെങ്കില്‍ എന്റെ അമ്മ എന്നെ കൊല്ലും..(ചിരിക്കുന്നു)..