ശ്രദ്ധ കപൂര്‍ പിന്മാറി, സൈനയാകാന്‍ ഇനി പരിനീതി ചോപ്ര

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ശ്രദ്ധ കപൂര്‍ പിന്‍മാറി. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കൊണ്ടാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധയ്ക്ക് പകരം പരിനീതി ചോപ്രയാകും സൈനയെ അവതരിപ്പിക്കുക. ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തിയതിനു ശേഷമുള്ള ശ്രദ്ധയുടെ പിന്മാറ്റം ബോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്.

ചിത്രത്തിനായി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഒരു കോച്ചിനു കീഴില്‍ ശ്രദ്ധ ബാഡ്മിന്റണ്‍ പരിശീലനം ആരംഭിച്ചിരുന്നു. വളരെയധികം ആകാംക്ഷയോടെയാണ് താന്‍ ഈ സിനിമയെ കാണുന്നതെന്നും തന്റെ അഭിനയ ജീവിതത്തിലെ ചാലഞ്ചിങ്ങ് റോളാണിതെന്നും ശ്രദ്ധ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഇതേ തുടര്‍ന്ന് ചിത്രീകരണം മാറ്റുകയുമായിരുന്നു. അങ്ങനെയിരിക്കെയാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.

എന്തായാലും പരിനീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടന്‍ തുടങ്ങാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. 2020ഓടെ ചിത്രം പുറത്തിറക്കാനാണ് ശ്രമം. പരിനീതി സൈനയാകാനുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്.