മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു, നാട്ടിൽ സംസാരിച്ചാൽ അഹങ്കാരം; ഉർവശിയുടെ വിമർശനത്തില്‍ സുപ്രിയയുടെ മറുപടി

','

' ); } ?>

സിനിമ പ്രമോഷനിടയിൽ നടി ഉർവശിയും അവതാരക ദക്ഷ രവീന്ദ്രനാഥും തമ്മിലുണ്ടായ ഭാഷാ തർക്കത്തിൽ ശക്തമായ പ്രതികരണവുമായി നിർമാതാവും നടനുമായ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. പൊതുമധ്യത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിനെക്കുറിച്ചുള്ള മലയാളികളുടെ സമീപനം ഇരട്ടത്താപ്പാണെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. അവതാരകയെ പിന്തുണച്ചെത്തിയ സോഷ്യൽ മീഡിയ കുറിപ്പിന് താഴെയാണ് സുപ്രിയയുടെ കമന്റ് ചർച്ചയാകുന്നത്.

മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് ചേക്കേറുകയും ചെയ്യുന്ന നമ്മൾ, നാട്ടിൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മാത്രം അതിനെ അഹങ്കാരമായി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് സുപ്രിയ ചോദിച്ചു. മറ്റൊരു ഭാഷ ഉപയോഗിക്കുന്നത് മാതൃഭാഷയോടുള്ള സ്നേഹം കുറയ്ക്കുന്നില്ലെന്നും അവർ വ്യക്തമാമാക്കി. വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കുമ്പോൾ മറ്റൊരാളുടെ പ്രൊഫഷണലിസത്തെ ചെറുതാക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പിനാണ് സുപ്രിയ മറുപടി നൽകിയത്.

‘ആശ’ സിനിമയുടെ പ്രമോഷനിടെ അവതാരക ദക്ഷ രവീന്ദ്രനാഥ് ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ “കേരളത്തിൽ നിന്നുകൊണ്ട് എന്തിനാണ് ഇംഗ്ലീഷിൽ ഈ കടുകു വറക്കുന്നത്?” എന്ന് ഉർവശി ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. “ഐ ആം ദ് സോറി ചേച്ചി” എന്ന് അവതാരക മടക്കിനൽകിയെങ്കിലും, നാട്ടിലെ ഭാഷയിൽ സംസാരിച്ചാൽ എല്ലാവർക്കും മനസ്സിലാകുമല്ലോ എന്ന് ഉർവശി തിരുത്തുകയായിരുന്നു. ഈ സംഭവവും സുപ്രിയയുടെ നിലപാടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

സുപ്രിയയുടെ വാക്കുകൾ;

‘‘ഇവിടെ ഇംഗ്ലിഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല.  പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ, എനിക്ക് ഇത് എപ്പോഴും ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലും കോളജുകളിലും അയച്ച് പഠിപ്പിക്കുന്നു. ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു, ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു.

എന്നിട്ടും, ഒരാൾ ഇംഗ്ലിഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ

ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്? മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം മലയാളത്തോടുള്ള സ്നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.’’