വിജയ് സേതുപതി ചിത്രം ‘സൂപ്പര്‍ ഡിലക്‌സി’നെതിരെ ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തകയായ രേവതി രംഗത്ത്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് രേവതി ആരോപിക്കുന്നത്. ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
രേവതിയുടെ വാക്കുകള്‍
‘വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ജനങ്ങള്‍ അളവിലധികം മര്യാദയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം.
മുംബൈയില്‍ ഏത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. ഞങ്ങള്‍ ആ തൊഴിലാണ് അവിടെ ചെയ്യുന്നതെന്ന് ആര് താങ്കള്‍ക്ക് പറഞ്ഞു തന്നു. രണ്ടാമതൊരു കാര്യം ട്രാന്‍സ്‌ജെന്‍ഡറായതിന് ശേഷം സാരി ധരിച്ച് ആദ്യമായി താങ്കള്‍ വീട്ടിലേക്ക് ചെല്ലുന്ന രംഗമുണ്ട്. ഒരു ട്രാന്‍സ്‌ജെന്‍ഡറിന് അത്ര പെട്ടെന്ന് സാരി ധരിച്ചു വീട്ടിലേയ്ക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അതത്ര എളുപ്പമുള്ള കാര്യമല്ല.
എന്റെ ആത്മകഥ വായിച്ചു നോക്കൂ. അത് ഒരു രേവതിയുടെ കഥയല്ല. ആയിരക്കണക്കിന് രേവതിമാരുടെ കഥയാണ്. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അച്ഛനായി പിന്നീട് ട്രാന്‍സ്‌ജെന്‍ഡറായി മാറുന്ന കഥാപാത്രമാണ് താങ്കളുടേത്. അതെങ്ങനെ സാധിക്കും.പതിമൂന്നാമത്തെ വയസ്സില്‍ എന്നിലുള്ള സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. ഞാന്‍ സ്ത്രീയായി മാറാന്‍ ഒരുപാട് യാതനകള്‍ സഹിച്ചു. വീട്ടുകാരുടെ അടിവാങ്ങി, പ്ലാറ്റ്‌ഫോമില്‍ ഉറങ്ങി. ഇങ്ങനെ ഒരു സിനിമയില്‍ താങ്കള്‍ അഭിനയിച്ചത് എന്നെ വേദനിപ്പിക്കുന്നു’ രേവതി പറയുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ കഷ്ടപ്പാടുകളെ നിസാരവല്‍ക്കരിച്ച സിനിമാ സംവിധായകനെതിരേയും അഭിനയിച്ച വിജയ് സേതുപതിക്കെതിരേയും കേസെടുക്കണമെന്നു മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തകയായ പ്രേമയും ആവശ്യപ്പെട്ടു. അതിനു വേണ്ടി സുപ്രീംകോടതി വരെ പോകുമെന്നും പ്രേമ പറഞ്ഞു.
ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തത്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍,സാമന്ത അക്കിനേനി,രമ്യാ കൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.