പൂരപ്രേമികള്‍ക്കായി പൂരത്തിന്റെ ശബ്ദ വിസ്മയമൊരുക്കി ‘ദി സൗണ്ട് സ്‌റ്റോറി’ ഏപ്രില്‍ 5ന് തിയേറ്ററുകളിലേക്ക്…

തൃശൂര്‍ പൂരം, മേട മാസ ചൂടിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തോടെ മണല്‍ത്തരി വീഴാന്‍ ഇടമില്ലാത്ത വിധം ജനങ്ങള്‍ തിങ്ങി നിറഞ്ഞ മൈതാനം. അവിടെ ഉയരുന്ന ആര്‍പ്പുവിളികള്‍. ഓരോരുത്തരും മറ്റേതോ ലോകത്താണെന്ന് തോന്നും. അതൊരു തോന്നലല്ല യാഥാര്‍ത്ഥ്യമാണ് എന്ന് ഒരിക്കല്‍ പൂരത്തില്‍ പങ്കെടുത്തിട്ടുള്ള ആര്‍ക്കും മനസ്സിലാകും. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി ശബ്ദ നിറ വിന്യാസങ്ങളുടെ മഹാ പൂരമായ തൃശൂര്‍പൂരത്തിന് മാത്രമുള്ള ഒരു മായാജാലമാണ് മേല്‍പറഞ്ഞത്. സാമ്പിള്‍ വെടിക്കെട്ടില്‍ തുടങ്ങുന്ന പൂരം, ഇരുനൂറോളം പേര്‍ പങ്കെടുത്തു കൊട്ടിത്തുടങ്ങുന്ന മഠത്തില്‍ വരവോടെ ശബ്ദമുഖരിതമാകുന്നു. ഇലഞ്ഞിത്തറമേളത്തോടെ മേളം കൊഴുക്കുന്നു പിന്നീടങ്ങോട്ട് കുടമാറ്റമാണ്. വര്‍ണ്ണങ്ങളുടെ മാറ്റുരയ്ക്കല്‍. ഏഴാം ദിനം പുലര്‍ച്ചെയുള്ള ഗംഭീര വെടിക്കെട്ട്.

ഒരിക്കല്‍ രാജീവ് പനയ്ക്കല്‍ എന്ന തൃശൂര്‍ക്കാരന് ഒരാഗ്രഹം തോന്നുകയാണ്. തൃശൂര്‍ പൂരം റെക്കോഡിക്കല്‍ ആക്കി ലോകത്തിന് സമര്‍പ്പിക്കുക എന്ന്‌. അതിനായി അദ്ദേഹം കൂട്ടുപിടിച്ചതോ ലോകമറിയുന്ന ശബ്ദ ലേഖകനായ റസൂല്‍ പൂക്കുട്ടിയെ. ശബ്ദ വാദ്യ മേളാഘോഷ പൂരമായ തൃശൂര്‍ പൂരം തനിമ ചോരാതെ റെക്കോര്‍ഡ് ചെയ്യാന്‍ റസൂല്‍ പൂക്കുട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. സമാനമായ ഒരു സ്വപ്നവുമായിട്ടായിരുന്നു റസൂല്‍ പൂക്കുട്ടിയും ജീവിച്ചിരുന്നത്. ഏതൊരു ശബ്ദ ലേഖകന്റേയും സ്വപ്നമാണ് തൃശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യുക എന്നുള്ളത്. അവര്‍ കൈകോര്‍ത്തതിന്റെ ഫലമായി ‘ദി സൗണ്ട് സ്‌റ്റോറി’ എന്ന ആശയം ജനിച്ചു. അതെ തൃശൂര്‍ പൂരത്തിന്റെ കഥ.

സിനിമയില്‍ പരമാവധി 20 വീതമുള്ള നാല്‍പ്പതു ട്രാക്ക് റെക്കോര്‍ഡിംഗ് പതിവുള്ളയിടത്തു 64 വീതമുള്ള രണ്ട് ട്രാക്കിലൂടെ 128 ട്രാക്ക് റെക്കോര്‍ഡിങ്ങിലാണ് റസൂല്‍ പൂക്കുട്ടി ഈ ശബ്ദ വിസ്മയം ദി സൗണ്ട് സ്‌റ്റോറി എന്ന സിനിമയ്ക്കായി ഒരുക്കിയത്. അതായത് നേരില്‍ കേള്‍ക്കുന്നതിനേക്കാള്‍ പതിന്മടങ്ങു വ്യക്തതയോടെയും കൃത്യതയോടെയുമുള്ള ഒരു ശ്രവ്യാനുഭവം തീയേറ്ററില്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നര്‍ത്ഥം. പ്രസാദ് പ്രഭാകറുടെ സംവിധാന മേല്‍നോട്ടത്തില്‍ ഏറെ ശ്രമകരമായ ഒന്നായിരുന്നു ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ പൂരത്തിന്റെ ഷൂട്ടിംഗ്. തത്സമയ ചിത്രീകരണത്തിലൂടെയാണ് തൃശൂര്‍ പൂരത്തിന്റെ കഥ പറയാന്‍ പ്രസാദ് പ്രഭാകര്‍ തീരുമാനിച്ചത്. ഭംഗിയായി ആ ദൗത്യം അദ്ദേഹം പൂര്‍ത്തിയാക്കി. ഈ സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ് പ്രസാദ് പ്രഭാകര്‍.

പാം സ്‌റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ബാനറില്‍ രാജീവ് പനയ്ക്കല്‍ നിര്‍മ്മിക്കുന്ന ദി സൗണ്ട് സ്‌റ്റോറി എന്ന ഈ സിനിമ ഏതൊരാള്‍ക്കും കണ്ണടച്ചിരുന്ന് കാണാന്‍ സാധിക്കും എന്ന ഉറപ്പാണ് റസൂല്‍ പൂക്കുട്ടി അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്. അത് തന്നെ ഒരു പുതുമയാണ്. കണ്ണടച്ചിരുന്നു കാണാന്‍ ഒരു സിനിമ..അഞ്ചാം തീയതി തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്ന ദി സൗണ്ട് സ്‌റ്റോറി കാണുന്നവര്‍ക്ക് പൂരക്കാഴ്ചകളുടെ ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.