സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ രണ്ടാം ഭാഗത്തില്‍ ഓവിയയുടെ നായകനായി സണ്ണിവെയ്ന്‍..

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്ലാക്ക് കോഫി. ആദ്യ ചിത്രത്തിലുള്ള പ്രധാന കഥാപാത്രങ്ങളായ ലാലും ശ്വേത മേനോനും ബാബുരാജും ഒഴിച്ചാല്‍ ഒരുപാട് പുതിയ താരങ്ങള്‍ ഇത്തവണ ചിത്രത്തിലെത്തുന്നുണ്ട്. ഇത്തവണ ചിത്രത്തില്‍ നായികയായെത്തുന്നത് തമിഴ് ബിഗ്‌ബോസ് താരം ഓവിയയാണ്. നായകനായി എത്തുന്നത് യുവതാരം സണ്ണിവെയ്‌നും. ഒരു പുതുമുഖ സംവിധായകനായ ഡേവിസ് എന്ന യുവാവിന്റെ വേഷത്തിലാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

പലസ്വപ്നങ്ങളും ജോലികളുമായി പലയിടത്തു നിന്ന് കൊച്ചിയില്‍ വന്ന് താമസിക്കുന്ന യുവതികളുടെ കഥയാണ് ബ്ലാക്ക് കോഫിയിലൂടെ അവതരിപ്പിക്കുന്നത്. ആദ്യ ചിത്രത്തില്‍ കാളിദാസന്‍ (ലാല്‍) പെണ്ണുകാണലിന് പോയ വീട്ടിലെ പാചകക്കാരനായിരുന്നു ബാബു. അന്ന് ചായയ്ക്കൊപ്പം കഴിച്ച പലഹാരത്തിന്റെ രുചിയില്‍ ബാബുവിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിയ്ക്കുകയായിരുന്നു സോള്‍ട്ട് ആന്റ് പെപ്പറില്‍ കാളിദാസന്‍. എന്നാല്‍ ബ്ലാക്ക് കോഫിയില്‍ കാളിദാസനുമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണ് കുക്ക് ബാബു. അങ്ങനെ ബാബു നാല് യുവതികള്‍ താമസിക്കുന്ന ഒരു ഫ്ളാറ്റില്‍ പാചകക്കാരനായി വരുകയാണ്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത് ബാബുരാജാണ്.

രചന നാരായണന്‍കുട്ടി, ലെന, മൈഥിലി, പുതുമുഖ താരം ഓര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ആഷിഖ് അബു ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും സൂചനയുണ്ട്.