‘സണ്ണി’ ഒരു നനഞ്ഞ പടക്കമോ?

ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സണ്ണി. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒരു കോവിഡ് കാല ചിത്രമെന്ന രൂപത്തിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. പ്രേതം, പ്രേതം2, പുണ്യാളന്‍ അഗര്‍ബത്തീസ്, ഞാന്‍ മേരിക്കുട്ടി, സു സുധീ വാത്മീകം തുടങ്ങീ മുന്‍ ജയസൂര്യ ചിത്രങ്ങളൊരുക്കിയ രഞ്ജിത് ജയസൂര്യക്കൊപ്പം വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയിലായിരുന്നു.

ജീവിതത്തില്‍ നേരിടേണ്ടി വന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍, ബിസിനസ്സിലെ തകര്‍ച്ച, വിദേശത്ത് നിന്നെത്തിയുള്ള ക്വാറന്റൈന്‍ തുടങ്ങീ സണ്ണിയുടെ ഡിപ്രഷനെ കൂട്ടുപിടിച്ചാണ് രഞ്ജിത് കഥ പറഞ്ഞത്. മധു നീലകണ്ഠന്റെ ഛായാഗ്രഹണം, ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനം, ശങ്കര്‍ ശര്‍മ്മയുടെ പശ്ചാത സംഗീതം എന്നിവയെല്ലാം മികച്ച രീതിയില്‍ അനുഭവപ്പെട്ട ചിത്രമാണ് സണ്ണി. ചിത്രത്തിന്റെ ടോട്ടാലിറ്റിയെ നിര്‍ണ്ണയിക്കുന്ന സാങ്കേതിക മേഖലയെല്ലാം തന്നെ ശക്തമായതും സണ്ണിയുടെ പോസിറ്റിവാണ്. സാങ്കേതികതയ്ക്ക് പുറമെ സംവിധാനവും നന്നായി വന്ന ചിത്രത്തിന്റെ ആദ്യാവസാനം പക്ഷേ പ്രമേയമില്ലായ്മയാണ് പ്രധാന ന്യൂനതായി തോന്നിയത്. ജയസൂര്യ തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന് തന്നെ പുറത്തെടുത്തപ്പോഴും ജയസൂര്യയുടെ പ്രകടനത്തിന് കൂട്ടാകാന്‍ ശക്തമായ പ്രമേയമില്ലാത്ത തിരക്കഥയ്ക്കായില്ല. പലപ്പോഴും ജയസൂര്യ എന്ന നടനും പശ്ചാതല സംഗീതവും മാത്രം ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയ അനുഭവമാണുണ്ടായത്. കഥയ്ക്കുപരി ജയസൂര്യ എന്ന നടന്‍ തന്നെയായിരുന്നു പലപ്പോഴും സംവിധായകന്റെ കയ്യിലെ പ്രധാന ടൂള്‍. സണ്ണി ഒരു മുറിഞ്ഞ താരാട്ടായി അനുഭവപ്പെട്ട ചിത്രത്തിന്റെ അവസാനം ജീവിതത്തിന്റെ താളം സണ്ണി തിരികെ കണ്ടെത്തുമ്പോള്‍ പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കാനെല്ലാം ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

കോവിഡും ഡിപ്രഷനുമെല്ലാം പ്രമേയമാക്കി നിരവധി മനോഹര ഹ്രസ്വ സിനിമകളുണ്ടായ കാലമാണ് കടന്നുപോയത്. മനോഹരമായ അത്തരം നിരവധി ഹ്രസ്വചിത്രങ്ങളുള്ളപ്പോള്‍ അത്തരം ഒരു പ്രമേയത്തെ വലിയ ക്യാന്‍വാസിലേക്ക് മാറ്റുമ്പോഴുണ്ടാകേണ്ടിയിരുന്ന കരുതലൊന്നും തന്നെ തിരക്കഥയിലുണ്ടായിരുന്നില്ല. അജു വര്‍ഗ്ഗീസ്, ഇന്നസെന്റ്, സിദ്ദിഖ്, വിജയ്ബാബു, ശ്രിന്ദ തുടങ്ങിയവരെല്ലാം തന്നെ ശബ്ദങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. കോവിഡ് പരീക്ഷണ സിനിമകളുടെ പട്ടികയിലുള്ള സണ്ണി തീര്‍ച്ചയായും ഒരുതവണ കണ്ടിരിക്കാവുന്ന സിനിമയാണ്. സിനിമയുടെ പ്രധാന ആകര്‍ഷണമായി തോന്നിയത് പശ്ചാതല സംഗീതവും സൗണ്ട് എഫക്റ്റും തന്നെയാണ്.