
നടനും സംവിധായകനുമായ സുന്ദർ സി ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഭാര്യയയും നടിയുമായ ഖുശ്‌ബു സുന്ദർ. “കേട്ടുകേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു, എന്തൊരു ദുരന്തമാണ് നിങ്ങൾ”, എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. തന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
“ശരിയായ കഥയില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വാർത്തകൾ പറയുന്നു. എന്തുതന്നെയായാലും, സുന്ദർ. സി നിർമ്മാണ കമ്പനിയുമായി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം പുറത്തിറക്കിയ കത്ത് അനാദരവും അഹങ്കാരവും നിറഞ്ഞതായി തോന്നി” എന്നാണ് ഒരാൾ പ്രതികരിച്ചത്. ഇതിനു മറുപടിയായി “കേട്ടുകേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു അല്ലേ?? എന്തൊരു ദുരന്തമാണ് നിങ്ങൾ.” ഖുശ്‌ബു കുറിച്ചു. സുന്ദർ. സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ? എന്ന ട്വീറ്റിന് “തന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ” എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.
കഴിഞ്ഞ ദിവസമാണ് രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന തലൈവർ 173 യിൽ നിന്നും താൻ പിന്മാറുന്നുവെന്ന് കുറിപ്പ് പങ്കുവെച്ച് കൊണ്ട് സുന്ദർ. സി പ്രഖ്യാപിച്ചത്. പിന്നാലെ ഇതിനെതിരെ നിരവധി അഭ്യൂഹങ്ങൾ പുറത്തു വന്നു. സുന്ദർ.സി രജനീകാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണെന്ന് പറഞ്ഞുവെന്നും, സുന്ദർ.സിയുടെ പത്രക്കുറിപ്പ് ‘അനാദരവും അഹങ്കാരവും’ നിറഞ്ഞതാണെന്നും ആരോപണമുയർന്നിരുന്നു. കൂടാതെ സ്ക്രിപ്റ്റിൽ രജനികാന്ത് തൃപ്തനല്ലാത്തത് കൊണ്ടാണെന്നും, കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ രജിനികാന്ത് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. അതേ സമയം ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദർ സി നിർമാതാക്കളായ രാജ്കമൽ ഫിലിംസിനെ അറിയിച്ചില്ലെന്നും വാർത്തകളുണ്ട്.
നവംബർ 2-ന് രജനികാന്തിനും സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കമൽഹാസൻ ആണ് ‘തലൈവർ 173’ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബർ 13-ന് താൻ ചിത്രത്തിൽ പിന്മാറുന്നതായി സുന്ദർ. സി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞു. നയൻതാരയെ നായികയാക്കി ‘മൂക്കുത്തി അമ്മൻ 2’ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സുന്ദർ. സി ഇപ്പോൾ. കൂടാതെ, അനുരാഗ് കശ്യപിനൊപ്പം കെ. തിരുജ്ഞാനത്തിൻ്റെ ‘വൺ 2 വൺ’ എന്ന സിനിമയിൽ അഭിനയിക്കുന്നുമുണ്ട് അദ്ദേഹം.