‘സുമേഷ് & രമേഷ്’ റിലീസ് മാറ്റി

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളിലെത്തുന്ന സുമേഷ് ആന്‍ഡ് രമേഷ് എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റി.നവംബര്‍ 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പറഞ്ഞിരുന്നത് എന്നാല്‍ തിയേറ്ററുകളില്‍ മതിയായ എണ്ണം പ്രദര്‍ശനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ റിലീസ് മാറ്റുന്നുവെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

കൊവിഡ് സൃഷ്ടിച്ച ഒരു വര്‍ഷത്തിലേറെ നീണ്ട പ്രതിസന്ധിക്കുശേഷം ഒക്ടോബര്‍ അവസാനമാണ് തിയേറ്ററുകള്‍ തുറന്നത്. ആദ്യ റിലീസുകള്‍ മുതല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തിത്തുടങ്ങിയെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എത്തിയതോടെയാണ് തിയേറ്ററുകള്‍ ഉണര്‍ന്നു. പിന്നാലെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹന്‍ലാലിന്റെ മരക്കാറും തിയേറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പായി. കുറുപ്പിനു ശേഷവും ഒരുപിടി ശ്രദ്ധേയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തിയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ അനേകം ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്.

നവാഗതനായ സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിന്റെ സംവിധാനം.എന്നാല്‍ ചിത്രത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. മലയാളത്തില്‍ നിന്ന് സുരേഷ് ഗോപിയുടെ കാവലും തമിഴില്‍ നിന്ന് ചിമ്പു നായകനാവുന്ന വെങ്കട് പ്രഭു ചിത്രം മാനാടുമാണ് ഈയാഴ്ച തിയറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങള്‍.

കുറുപ്പ്, ജാനെമന്‍, എല്ലാം ശരിയാകും, ആഹാ എന്നിവ തിയേറ്ററുകളില്‍ തുടരുമ്പോഴാണ് രണ്ട് വന്‍ താരചിത്രങ്ങളും എത്തുന്നത്. അടുത്ത വാരം മോഹന്‍ലാലിന്റെ മരക്കാറും എത്തുമെന്നതിനാല്‍ ചെറുചിത്രങ്ങളുടെ റിലീസ് പ്രതിസന്ധി നീളും. എന്നാല്‍ മരക്കാറിന്റെ തൊട്ടുപിറ്റേദിവസം മറ്റൊരു മലയാള ചിത്രവും റിലീസ് ചെയ്യപ്പെടുന്നുണ്ട്. ‘തമാശ’ എന്ന സിനിമയിലൂടെ അരങ്ങേറിയ സംവിധായകന്‍ അഷ്‌റഫ് ഹംസയുടെ രണ്ടാമത്തെ ചിത്രം ഭീമന്റെ വഴിയാണ് ഇത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രം മരക്കാറിനു തൊട്ടുപിറ്റേന്ന് ഡിസംബര്‍ 3നാണ് തിയേറ്ററുകളില്‍ എത്തുക.