
ഇരട്ടനികുതി അടക്കമുള്ള കാര്യങ്ങൾക്കെതിരെയുള്ള സിനിമ മേഖലയിലെ സമരപരിപാടികളുടെ അടുത്തഘട്ടം പുതിയ സർക്കാർ വന്നശേഷം. നേരത്തേ സമരപരിപാടികളുടെ ഭാഗമായി സർക്കാർ തിയേറ്ററുകൾക്ക് പുതിയ സിനിമകൾ റിലീസിന് നൽകില്ലെന്ന തീരുമാനം തത്കാലം നടപ്പാക്കില്ല. അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങും.
ജി.എസ്.ടി.ക്കുപുറമേ ഈടാക്കുന്ന വിനോദനികുതി പൂർണമായി പിൻവലിക്കുക, സിനിമാ തിയേറ്ററുകൾക്കടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ. സിനിമാ വ്യവസായത്തിൻ്റെ സ്വഭാവം മനസ്സിലാക്കി നഷ്ടം കുറയ്ക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കിനൽകുന്നില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ നടപടികളുണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കണമെന്നാണ് ഫിലിം ചേംബർ, നടീനടന്മാരുടെ സംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവയെല്ലാം പറയുന്നത്.