കാന്താര അനുകരണം; നിരുപാധികം മാപ്പ് പറഞ്ഞ് രൺവീർ, കേസ് റദ്ദാക്കി ഹൈക്കോടതി

','

' ); } ?>

കാന്താര സിനിമയിലെ ദൈവക്കോലത്തെ വികലമായി അനുകരിച്ചതിന് മാപ്പ് പറഞ്ഞ് നടൻ രൺവീർ സിംഗ്. നിരുപാധികം മാപ്പുപറയുകയും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് മാപ്പുചോദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് രൺവീർ സിങ്ങിൻ്റെ പേരിലെടുത്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ക്ഷമാപണം നടത്തിയതിൻ്റെ സത്യവാങ് മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണിത്.

കഴിഞ്ഞ നവംബറിൽ ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായക നടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർ സിങ് വിവാദമായ അനുകരണം നടത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു രൺവീറിനെതിരെയുള്ള കേസ്.

ചാമുണ്ഡി ദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് രൺവീർ സിങ്ങിന്റെ പേരിൽ കേസെടുത്തത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർ സിങ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

‘ധുരന്തർ’ സിനിമയുടെ വൻ വിജയത്തെത്തുടർന്ന് രൺവീർ സിങ്ങിന് യാത്ര ചെയ്യുന്നതിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ നടൻ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കുന്നതെന്നാണെന്ന് വ്യക്തമാക്കിയില്ല. അതേസമയം, നടൻ്റെ പെരുമാറ്റം പൊതുജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. നടനോട് നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചു.