ഋഷി കപൂറിന്റെ ‘അവസാന വീഡിയോ’: സത്യമതല്ല…

ഹിന്ദി സിനിമയിലെ ഇതിഹാസ നായകന്‍ ഋഷി കപൂറിന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവസാന വീഡിയോ എന്ന നിലയില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ പുറത്ത്. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വച്ച് അദ്ദേഹം മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയെടുത്ത വീഡിയോ എന്ന തലക്കെട്ട് വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആശുപത്രി കിടക്കയില്‍ ചിരിച്ചു കിടക്കുന്ന ഋഷി കപൂറിന്റെ അടുത്ത് ഇരുന്ന് ഒരു യുവാവ് അദ്ദേഹത്തിന്റെ ‘ദീവാന’ എന്ന ചിത്രത്തിലെ ‘തേരെ ദര്‍ദ് സെ ദില്‍…’ എന്ന ഗാനം ഭംഗിയായി ആലപിക്കുന്നതാണ് വീഡിയോ. യുവാവിനെ ഋഷി അഭിനന്ദിക്കുകയും തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്യുന്ന വീഡിയോ പ്രമുഖ സിനിമാ പ്രവര്‍ത്തകരും ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ഡോക്ടറാണ് ഈ ഗാനം ആലപിക്കുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു പലരും വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ അതല്ല സത്യമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

30 ഡിഗ്രി ചൂടുള്ള മുംബൈയില്‍ എന്തിനാണ് യുവാവ് സ്വെറ്റര്‍ ധരിച്ചത്. ഇന്ത്യാ ടുഡേയുടെ വ്യാജ വാര്‍ത്താ നിരീക്ഷണ വിഭാഗമാണ് ഉത്തരം അന്വേഷിച്ച് കണ്ടെത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഋഷി കപൂര്‍ ഡല്‍ഹി സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കി വീഡിയോയുടെ ഉറവിടം കണ്ടെത്തുകയായിരുന്നു. ഈ വീഡിയോ ഉത്തര്‍ഖണ്ഡിലെ റാണിഖേതുകാരനായ ധീരജ് കുമാര്‍ സാനു എന്നയാള്‍ ഫെബ്രുവരി 3 ന് യൂട്യൂബില്‍ അപ്‌ലോ[ഡ് ചെയ്തതാണ്. വീഡിയോയില്‍ കാണുന്നയാള്‍ ധീരജാണ്. ഫെയ്‌സ്ബുക്കിലും ഋഷി കപൂറിനൊപ്പമുള്ള സെല്‍ഫി അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സാകേതിലെ മാക്‌സ് ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെല്ലാം കള്ളമാണെന്നും മനസിലായി.