ഒരു നടനെയും ആര്‍ക്കും വിലക്കാനാവില്ല; ‘സ്റ്റാര്‍’ സിനിമയുടെ സംവിധായകന്‍

കോവിഡ് നിയന്ത്രണങ്ങള്‍പാലിച്ചു കൊണ്ട് സിനിമ തീയറ്ററുകള്‍ വീണ്ടും തുറക്കുന്നതിനെ ചൊല്ലി വാക്ക് തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് ‘ഒരു നടനെ എങ്ങനെയാണ് വിലക്കാന്‍ കഴിയുക’ എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നയം ‘സ്റ്റാര്‍’എന്ന സിനിമയുടെ സംവിധായകന്‍ ഡോമിന്‍. ഡി. സില്‍വ വ്യക്തമാക്കി. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. തീയറ്റര്‍ തുറക്കുന്നതും ആളുകള്‍ കൂട്ടമായി കാണാന്‍ വരുന്നതും ആളുകളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. തീയറ്ററില്‍ ഇരുന്ന് സിനിമ കാണുന്നതും ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ ആസ്വദിക്കുന്നതും നല്ല കാര്യം തന്നെയാണെന്നും രണ്ട് മേഖലയും വളരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പ്രകടമാക്കുന്നു.

തീയറ്റര്‍ തുറന്നാല്‍ ഒക്ടോബര്‍ 29 ന് കേരളത്തിലെ തീയറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാര്‍’. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.എം.ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു.

കേരളത്തില്‍ ഇന്ന് തീയറ്ററുകള്‍ തുറക്കും എന്നാല്‍ ഷോ തുടങ്ങുന്നത് ബുധനാഴ്ച മുതല്‍ ആണ്.