വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന വ്യാജന്‍മാര്‍: ശ്രീനിവാസന്‍

ശ്രീനിഫാംസ് എന്ന തന്റെ കമ്പനിയുടെ വ്യാജന്‍മാര്‍ക്കെതിരെ നടന്‍ ശ്രീനിവാസന്‍ രംഗത്ത്. ജൈവകാര്‍ഷിക രീതികളുടെ പ്രചാരകന്‍ കൂടിയായ നടന്‍ ശ്രീനിവാസന്‍ ശ്രീനി ഫാംസ് എന്ന പേരില്‍ ജൈവ കൃഷിക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി കമ്പനി തുടങ്ങിയിരുന്നു.
ഗള്‍ഫില്‍ ശ്രീനിവാസന്റെ ജൈവ തോട്ടത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ ചിലര്‍ വ്യാജപ്രചരണത്തിലൂടെ വിപണനം നടത്തുന്നതായി താരം പറയുന്നു. ഞാന്‍ ‘വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന’ അവരുടെ കഴിവില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്. ഈ കപട പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഈ പരസ്യം ഉടന്‍ പിന്‍വലിച്ചു ഖേദം പ്രകടിക്കാത്ത പക്ഷം തക്കതായ നിയമ നടപടികളുമായി ശ്രീനി ഫാംസ് മുന്നോട്ടുപോകുമെന്നു ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശ്രീനിവാസന്‍. പൂര്‍ണ്ണരൂപം താഴെ…

ഞാന്‍ വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവെടുക്കല്ലേ സുഹൃത്തുക്കളെ….

സമൂഹ മാധ്യമങ്ങളില്‍ മുന്‍പ് പ്രസിദ്ധപ്പെടുത്തിയ പ്രകാരം എന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രീനി ഫാംസ് എന്ന സംരംഭം ജൈവ കര്‍ഷകര്‍ക്ക് ന്യായവില എന്നതിനോടൊപ്പം വിഷരഹിത ഭക്ഷണം ജനങ്ങളിലേക്ക് എന്ന അതിന്റെ ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷപൂര്‍വം അറിയിക്കട്ടെ.
മുന്‍പ് ചെയ്ത പോസ്റ്റിനു പ്രതികരിച്ച കര്‍ഷകരില്‍ നിന്നും കേരളത്തിലെ മികച്ച ജൈവ കര്‍ഷകരെ കണ്ടെത്തുന്ന പ്രക്രിയ പുരോഗമിക്കുന്നു.ഞാന്‍ മുന്നേ എഴുതിയിരുന്ന പോലെ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.അതിനിടയില്‍ പലയിടത്തും കോവിഡ് വില്ലനായി വരുന്നുണ്ട്.
അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രതിനിധികള്‍ നേരിട്ട് സന്ദര്‍ശിച്ചു മികച്ച ജൈവ കര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനും, അവരെ ആധുനിക ജൈവ കൃഷിരീതികളില്‍ പരിശീലിപ്പിക്കുന്നതിനും, വിളകളുടെ ലാബ് പരിശോധനകള്‍ക്കും കുറച്ചു കാല താമസം നേരിടുന്നുണ്ട്.അതോടൊപ്പം കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന വിളകള്‍ക്ക് മികച്ചവിലയും ,വിപണ സംവിധാനവും ഒരുക്കേണ്ടതുണ്ട് .അതിനാല്‍ തുടക്കത്തില്‍ ഇടുക്കി,എറണാകുളം,കോട്ടയം,തൃശ്ശൂര്‍ ,വയനാട്,കോഴിക്കോട്,പാലക്കാട് എന്നീ ജില്ലകളിലെ കര്‍ഷകരെയാണ് ശ്രീനിഫാംസിന്റെ പ്രതിനിധികള്‍ സന്ദര്‍ശിക്കുന്നത് .മുകളില്‍ പറഞ്ഞ ജില്ലകളില്‍ ജൈവ കര്‍ഷകരുടെ കൂട്ടായ്മകള്‍ ഡിസംബറോടെ നിലവില്‍ വരും.
അധികം കാലതാമസം കൂടാതെ കേരളം മൊത്തം ജൈവ കര്‍ഷകരുടെ കൂട്ടായ്മ വിപുലീകരിക്കാമെന്നു കരുതുന്നു.
വിളകളുടെ വിപണത്തിനുവേണ്ടി തുടക്കത്തില്‍ എറണാകുളത്തെ കണ്ടനാടുള്ള വിപണനകേന്ദ്രം വിപുലീകരിക്കുന്നതിനോടൊപ്പം, പാലാരിവട്ടത്തു പുതിയോരു വിപണനകേന്ദ്രവും 2021 പുതുവര്‍ഷത്തോടെ പ്രവര്‍ത്തനം തുടങ്ങും. അതുപോലെ കൊച്ചിയില്‍ ഓണ്‍ലൈന്‍ വിപണനവും ജാനുവരി മാസത്തോടെ ആരംഭിക്കും.
മറ്റു ജില്ലകളില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ചു തുടങ്ങും.

ജൈവ കര്‍ഷകര്‍ക്ക് ന്യായവില ,വിഷരഹിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, വിപണനം, ജൈവ കൃഷി രീതികളുടെ പ്രചാരണം തുടങ്ങിയവയാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്.
ഇതിനിടെ എന്റെ അറിവോ സമ്മതമോ കൂടാതെ, എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് കൊണ്ടും എന്റെ ഉടമസ്ഥതയിലെന്നു അവകാശപ്പെട്ടുകൊണ്ടും സമാന വസ്തുക്കളുടെ വിപണനം നടത്തുന്ന ഒന്ന് രണ്ടു സ്ഥാപനങ്ങളുടെ പരസ്യം എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ വിദേശത്തു പ്രത്യേകിച്ച് ഗള്‍ഫില്‍ എന്റെ ജൈവ തോട്ടത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതും അവിടത്തെ ചില സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചിരിക്കുന്നു .
ഞാന്‍ ‘വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന’ അവരുടെ കഴിവില്‍ ഞാന്‍ ഞെട്ടിയിരിക്കുകയാണ്.
ഈ കപട പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഈ പരസ്യം ഉടന്‍ പിന്‍വലിച്ചു ഖേദം പ്രകടിക്കാത്ത പക്ഷം തക്കതായ നിയമ നടപടികളുമായി ശ്രീനി ഫാംസ് മുന്നോട്ടുപോകുമെന്നു ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ശ്രീനി ഫാംസിന്റെ പേരില്‍ ആഭ്യന്തര വിപണിയിലൊ വിദേശ വിപണിയിലൊ വ്യാപാരം നടത്താന്‍ ഇതുവരെ ആരെയും ഞങ്ങള്‍ അധികാരപ്പെടുത്തിയിട്ടില്ല. നിലവില്‍ കണ്ടനാട് അല്ലാതെ മറ്റൊരു വിപണന കേന്ദ്രം കേരളത്തില്‍ ഇല്ല.
മുകളില്‍ പറഞ്ഞതുപോലെ വിദേശത്തും എന്റെ പേരില്‍ പച്ചക്കറി ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതും ഞാനറിഞ്ഞതോ , എനിക്കുത്തരവാദിത്തമുള്ളതോ അല്ല.

ശ്രീനി ഫാംസ് ആരെയെങ്കിലും വില്പന പ്രതിനിധികള്‍ ആയി നിയമിക്കുമ്പോള്‍ അക്കാര്യം മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതാണ്. അല്ലാതെ ഉള്ളവരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്നു സവിനയം അറിയിക്കുന്നു.

സ്‌നേഹപൂര്‍വ്വം ശ്രീനിവാസന്‍