
ആർത്തവം ജോലികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഒഴികഴിവല്ലെന്ന തെന്നിന്ത്യൻ നടി ശ്രീലീലയുടെ പ്രസ്താവന വിവാദമാകുന്നു. പുതിയ ചിത്രമായ ‘ഉസ്താദ് ഭഗത് സിംഗിന്റെ’ വിജയാഘോഷ ചടങ്ങിൽ നടി നടത്തിയ പരാമർശമാണ് വലിയ തോതിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കി ഡോക്ടറായി ചുമതലയേറ്റ താരം തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചതാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകാൻ കാരണം.
തന്റെ ഹിറ്റ് ഗാനങ്ങളിൽ പലതും ചിത്രീകരിച്ചത് ആർത്തവസമയത്താണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ശ്രീലീലയുടെ പ്രതികരണം. ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ മറികടന്ന് മുന്നേറണമെന്നും ആർത്തവത്തെ ഒന്നിനും ഒരു തടസ്സമായി കാണരുതെന്നുമാണ് നടി പറഞ്ഞത്. എന്നാൽ, ആർത്തവ വേദന എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും മെഡിക്കൽ ലോകം പോലും അംഗീകരിച്ച വേദനയെ ‘ഒഴികഴിവ്’ എന്ന് വിശേഷിപ്പിച്ചത് ക്രൂരമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
“ശ്രീലീലയ്ക്ക് ആ സമയത്ത് നൃത്തം ചെയ്യാൻ കഴിയുന്നത് അവരുടെ ആരോഗ്യസ്ഥിതി കൊണ്ടാകാം, എന്നാൽ അസഹനീയമായ വേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇത് ബാധകമല്ല. മെഡിക്കൽ ബിരുദമുള്ള ഒരാൾ ഇത്തരത്തിൽ അശാസ്ത്രീയമായ കാര്യങ്ങൾ സംസാരിക്കുന്നത് നിർഭാഗ്യകരമാണ്,” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനങ്ങൾ.
2026 ലും സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയകളെയും അതിനോടനുബന്ധിച്ചുള്ള അവശതകളെയും നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് നടിയുടേതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വിവാദം കൊഴുക്കുമ്പോഴും വിഷയത്തിൽ നടി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.