“ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയില്‍ നിന്നു പ്രതീക്ഷിക്കുന്നത് യഥാസമയം നല്‍കിയ നേതാവിന് ജനങ്ങള്‍ തുടര്‍ഭരണം നല്‍കി; ശ്രീകുമാരന്‍ തമ്പി

തുടര്‍ ഭരണത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാറിന് ആശംസയുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി.ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയില്‍ നിന്നു പ്രതീക്ഷിക്കുന്നത് യഥാസമയം നല്‍കിയ നേതാവിന് ലഭിച്ച തുടര്‍ഭരണമാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് . ഇതെല്ലാം യഥാസമയം നല്‍കിയ നേതാവിന് ജനങ്ങള്‍ തുടര്‍ഭരണം നല്‍കി.കേരളരാഷ്ട്രീയത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ്.പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇടതുപക്ഷം തുടര്‍ഭരണം നിലനിര്‍ത്തിയതിനെ അഭിനന്ദിച്ച് നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു, നിമിഷ സജയന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഇടതുപക്ഷത്തെ അഭിനന്ദിച്ചിരുന്നു.

മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴില്‍ നിന്നും പ്രകാശ് രാജ്, സിദ്ധാര്‍ഥ് എന്നിവരും ആശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. 99 സീറ്റുകള്‍ നേടിയാണ് കേകളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിരിക്കുന്നത്.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നല്‍കിയത് നൂറില്‍ നൂറ് മാര്‍ക്ക് ആണെന്നാണ് വിജയത്തെക്കുറിച്ച് പിണറായി വിജയന്‍ പ്രതികരിച്ചത്. ‘ജയത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ജയമാണിത്’, ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് തുടര്‍ന്നും പാലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.