
ദൃശ്യം 3-നെക്കുറിച്ച് തുറന്നു സംസാരിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. ചിത്രത്തിന്റെ രണ്ടാം ഭാഗം പോലെ ആയിരിക്കില്ല മൂന്നാം ഭാഗമെന്നും വലിയ മാറ്റങ്ങളാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ദൃശ്യം ആദ്യ ഭാഗം പോലെ ആയിരുന്നില്ല രണ്ടാം ഭാഗമെന്നും, അതുപോലെ തന്നെ മൂന്നാം ഭാഗം തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചിത്രത്തെക്കുറിച്ച് അമിത പ്രതീക്ഷകൾ വെക്കാതെ വരണമെന്ന ജീത്തു ജോസഫിന്റെ മുൻപത്തെ നിലപാടിനെ ശ്രീകാന്ത് മുരളി പിന്തുണച്ചു. വൻ പ്രതീക്ഷകളോടെ വരുന്നതിനേക്കാൾ സിനിമയെ അതിന്റെ സ്വാഭാവികതയിൽ കാണുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് ചെയ്തിരിക്കുന്നതെന്നും, ആശിർവാദ് സിനിമാസിന്റെ വലിയൊരു പ്രോജക്റ്റാണിതെന്നും അദ്ദേഹം പറഞ്ഞു. 47 വർഷമായി മലയാളികളെ വിസ്മയിപ്പിക്കുന്ന മോഹൻലാൽ എന്ന നടന്റെ വലിയൊരു ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സിനിമയ്ക്കും അതിന്റേതായ സസ്പെൻസ് ഉണ്ടെന്നും അത് പ്രേക്ഷകർ സ്വീകരിക്കുമ്പോഴാണ് സിനിമ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങൾ നൽകിയ ആവേശമാണ് മൂന്നാം ഭാഗത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്. ഒരു അഭിനേതാവ് എന്നതിലുപരി ആവേശഭരിതനായ ഒരു പ്രേക്ഷകനെപ്പോലെ താനും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് ശ്രീകാന്ത് മുരളി വാക്കുകൾ അവസാനിപ്പിച്ചത്. ഏപ്രിൽ 2-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.