എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ബാലസുബ്രമഹ്ണ്യം തന്നെയാണ് രോഗ വിവരം അറിയിച്ചത്. എഴുപത്തിനാലുകാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ദിവസമായി ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. വിട്ടു മാറാതെയായപ്പോള്‍ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാമായിരുന്നു. എന്നാല്‍ വീട്ടുകാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇന്നലെ 5,063 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.6,501 പേര്‍ രോഗമുക്തരാവുകയും 108 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.68 ലക്ഷമായി.