‘കൂടെ അഭിനയിക്കില്ലെന്ന് പല നടിമാരും പറഞ്ഞു, മഹിമയോട് നന്ദി പറഞ്ഞെ മതിയാകൂ ‘; സൂരി

','

' ); } ?>

സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘മണ്ടാടി’ സെപ്റ്റംബർ 10-ന് തിയറ്ററുകളിൽ എത്തുമ്പോൾ, ചിത്രത്തിലെ നായികയായ മലയാള താരം മഹിമാ നമ്പ്യാരെ പ്രശംസിച്ച് സൂരി. നിരവധി നടിമാർ നിരസിച്ച പ്രധാന കഥാപാത്രത്തെ, അതിന്റെ വ്യാപ്തി മനസ്സിലാക്കി ഏറ്റെടുത്തതിനാണ് മഹിമയെ നടൻ അഭിനന്ദിച്ചത്. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെയായിരുന്നു സൂരിയുടെ പ്രതികരണം.

കഥാപാത്രത്തിനായി ആദ്യം പല പ്രമുഖ നടിമാരെയും സമീപിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ എല്ലാവരും ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് സൂരി വെളിപ്പെടുത്തി. എന്നാൽ കഥ മുഴുവനായി കേട്ട ശേഷം, കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രം കണക്കിലെടുത്താണ് മഹിമ ഈ സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചത്. കഥയോടുള്ള താരത്തിന്റെ ഈ സമീപനത്തെ അഭിനന്ദിച്ച സൂരി, മഹിമയ്ക്ക് പ്രത്യേക ആശംസകളും നേർന്നു.

മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ‘മണ്ടാടി’ കടലോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയാണ്. തമിഴ്‌നാട് തീരപ്രദേശത്ത് നടക്കുന്ന 100 കിലോമീറ്റർ ദൈർഘ്യമുള്ള സവിശേഷമായ സെയിലിങ് ബോട്ട് മത്സരത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ ബോട്ട് മത്സരത്തിൽ പങ്കെടക്കുന്ന മത്സ്യബന്ധന സംഘത്തിന്റെ തലവനാണ് ‘മണ്ടാടി’. സൂരിയുടെ തികച്ചും വേറിട്ട മാസ് അവതാരമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തെലുങ്ക് താരം സുഹാസ് വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.