“കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന സങ്കീർണ്ണമായ വേഷം”; ചെയ്യാൻ കൊതിച്ച മലയാള കഥാപാത്രത്തെക്കുറിച്ച് കയാദു

','

' ); } ?>

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ നടി കയാദു ലോഹർ തനിക്ക് അഭിനയിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്ന ഒരു മലയാള കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. സിനിമകൾ കാണുമ്പോൾ ‘ഈ വേഷം തനിക്ക് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ’ എന്ന് തോന്നാറുണ്ടെന്നും, അത്തരത്തിൽ തന്നെ ഏറെ ആകർഷിച്ച ഒന്നാണ് മലയാള സിനിമയായ ‘ബാലനി’ലെ അമ്മയുടെ കഥാപാത്രമെന്നും താരം വെളിപ്പെടുത്തി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു കയാദുവിന്റെ പ്രതികരണം.

അധികം സംസാരിക്കാതെ തന്നെ കണ്ണുകൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കുന്ന സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് അതെന്നും, ഒരു അഭിനേത്രി എന്ന നിലയിൽ ഏറെ ഇന്ററസ്റ്റിങ് ആയ ഒന്നായതുകൊണ്ടാണ് ആ വേഷം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയതെന്നും കയാദു പറഞ്ഞു.

”ബാലന്‍ സിനിമയിലെ അമ്മ കഥാപാത്രം. അവരുടെ കണ്ണുകള്‍ ഭയങ്കര എക്‌സ്പ്രസീവ് ആണ്. ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയുന്ന കഥാപാത്രമാണ്. വളരെ സങ്കീര്‍ണമായ വേഷമാണ്. അതേസമയം തന്നെ വളരെ ഇന്ററസ്റ്റിങുമാണ് ആ കഥാപാത്രം. വെല്ലുവിളി നിറഞ്ഞ വേഷമാണ്.” കയാദു പറഞ്ഞു.

ദുൽഖർ സൽമാൻ നായകനായ ‘ഐ ആം ഗെയിം’ ആണ് കയാദുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയ തുടക്കം കുറിച്ച താരം ടൊവിനോ തോമസിനൊപ്പം ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയിലും വേഷമിട്ടിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമായ കയാദുവിന്റെ പുതിയ തമിഴ് ചിത്രം ‘ഇമ്മോർട്ടൽ’ ആണ്. കൈനിറയെ പ്രോജക്ടുകളുമായി തെന്നിന്ത്യൻ സിനിമാ ലോകത്ത് മുന്നേറുന്ന താരത്തിന്റെ നിരവധിയേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.