‘താന്‍ അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല’- ബോഡി ഷെയിമിംഗിനെതിരെ സൊനാക്ഷി സിന്‍ഹ

ബോഡി ഷെയിമിംഗ് നടത്തുന്നവര്‍ക്കെതിരെ മറുപടിയുമായി ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ രംഗത്ത്. അര്‍ബാസ് ഖാന്റെ ടോക്ക് ഷോയിലാണ് താന്‍ നേരിടുന്ന ബോഡി ഷെയിമിംഗിനെക്കുറിച്ച് സൊനാക്ഷി വിശദീകരിച്ചത്.

‘2010 ല്‍ സല്‍മാന്‍ ഖാനൊപ്പം ദബാംഗ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തൊക്കെ താന്‍ വളരെ വലിപ്പമുള്ള ഒരു സ്ത്രീയായിരുന്നു. ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു അത്. സിനിമ ചെയ്യുന്നതിനായി 30 കിലോ ഞാന്‍ കുറച്ചു. അതും നിങ്ങള്‍ കണ്ടതാണ്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എന്റെ ശരീരത്തിന്റെ ആകൃതിയെ കുറിച്ചാണ്.

കൗമാരപ്രായം മുതല്‍ ഞാന്‍ ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോര്‍ത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്. മുമ്പൊക്കെ സമൂഹമാധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ വിഷമം തോന്നുമായിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പല വാക്കുകളും എങ്ങിനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നതെന്നൊക്കെ ചിന്തിക്കുമായിരുന്നു.

ശരീരഭാരം ക്രമീകരിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവര്‍ക്ക് ഒരാളുടെ കണ്ണീരും, രക്തവും വിയര്‍പ്പും കാണാനുള്ള കണ്ണില്ല. ഇപ്പോഴും ശരീരത്തെ കുറിച്ചു മാത്രമാണ് അവരുടെ ചര്‍ച്ചയെങ്കില്‍ നരകത്തില്‍ പോകാന്‍ പറയണം’ എന്നും സൊനാക്ഷി സിന്‍ഹ കൂട്ടിച്ചേര്‍ത്തു.