ടൊവിനോയുടെ പേര് എപ്സ്റ്റീൻ ഫയലിൽ ഇല്ലല്ലോ അല്ലെ!; സിനിമാ നിരൂപകൻ ഭരദ്വാജ് രംഗനെതിരെ സോഷ്യൽ മീഡിയ

','

' ); } ?>

സിനിമാ നിരൂപകൻ ഭരദ്വാജ് രംഗനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഗലാട്ട പ്ലസിന്റെ അഭിമുഖത്തിൽ നടൻ ടൊവിനോ തോമസിനോട് ചോദിച്ച അനുചിതമായ ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ലോകത്ത് നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വെളിപ്പെടുത്തിയ ‘എപ്സ്റ്റീൻ ഫയൽസിനെ’ക്കുറിച്ചും ടൊവിനോ തോമസ് ഗൗരവമായി സംസാരിക്കുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന ഇത്തരം ദാരുണമായ സംഭവങ്ങൾ തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നു എന്ന് ടൊവിനോ പറഞ്ഞപ്പോഴാണ് ഭരദ്വാജ് രംഗൻ അപക്വമായ ഒരു ചോദ്യം ഉന്നയിച്ചത്. “നിങ്ങളുടെ പേര് ആ ലിസ്റ്റിൽ (എപ്സ്റ്റീൻ ലിസ്റ്റ്) ഇല്ലല്ലോ അല്ലേ?” എന്ന ഭരദ്വാജിന്റെ ചോദ്യം പരിധി ലംഘിക്കുന്നതാണെന്ന വിമർശനമാണ് ഉയരുന്നത്.

കുട്ടിക്കാലത്ത് ലോകം മനോഹരമാണെന്ന് കരുതിയിരുന്നെന്നും എന്നാൽ ഓരോ വർഷം കഴിയുന്തോറും അത് അങ്ങനെയല്ലെന്ന് ബോധ്യപ്പെടുകയാണെന്നും ടൊവിനോ മറുപടി നൽകിയെങ്കിലും ഭരദ്വാജിന്റെ ഇടപെടൽ അഭിമുഖത്തിന്റെ അന്തരീക്ഷം തന്നെ മാറ്റുന്നതായിരുന്നു. ഈ വീഡിയോ വൈറലായതോടെ ഭരദ്വാജ് രംഗൻ തികച്ചും ഇൻസെൻസിറ്റീവ് ആയി പെരുമാറുന്നുവെന്നും ഇന്റർവ്യൂ ചെയ്യുന്നത് നിർത്താൻ സമയമായെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതികരിക്കുന്നു. അദ്ദേഹം ഇപ്പോഴും പഴയ നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ഇത്തരം മോശം തമാശകൾ അംഗീകരിക്കാനാവില്ലെന്നുമാണ് സിനിമാ ഗ്രൂപ്പുകളിലെ പ്രധാന ചർച്ച.

”മറ്റൊരു ഭൂഖണ്ഡത്തില്‍ നടക്കുന്ന കാര്യങ്ങളും നമ്മളെ ബാധിക്കും. യുദ്ധം നടക്കുന്നുണ്ട്. എപ്സ്റ്റീന്‍ ഫയല്‍സുണ്ട്. അതേക്കുറിച്ചൊക്കെ ഞാനും വായിക്കുന്നുണ്ട്. ഇവിടെ ഇരിക്കുന്ന എന്നേയും അത് വിഷമിപ്പിക്കുന്നു” എന്ന് ടൊവിനോ പറഞ്ഞതും ‘നിങ്ങളെന്തിനാണ് എപ്സ്റ്റീന്‍ ഫയല്‍സിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്നത്?’ എന്ന് ഭരദ്വാജ് രംഗന്‍ ചോദിച്ചു.

”കുട്ടിക്കാലത്ത് ഞാന്‍ കരുതിയിരുന്നത് ഈ ലോകം മനോഹരമാണെന്നാണ്. പക്ഷെ ഓരോ വര്‍ഷം കഴിയുന്തോറും അത് അങ്ങനെയല്ലെന്ന് ബോധ്യപ്പെടുകയാണ്.” എന്ന് ടൊവിനോ മറുപടി നല്‍കി. പിന്നാലെയാണ് ‘നിങ്ങളുടെ പേര് ആ ലിസ്റ്റില്‍ ഇല്ലല്ലോ അല്ലേ?’ എന്ന അപക്വമായ ‘തമാശ’ ചോദ്യവുമായി രംഗനെത്തുന്നത്.

‘ബിആര്‍ വളരെ ഇന്‍സെന്‍സിറ്റീവായ നിരൂപകനാണ്. അദ്ദേഹം ഇന്റര്‍വ്യു ചെയ്യുന്നത് നിര്‍ത്താന്‍ സമയമായിരിക്കുന്നു, ഇവന്‍ എന്ത് അര്‍ത്ഥത്തില്‍ ആണോ ടൊവിനോയോട് ഈ ചോദ്യം ചോദിച്ചത്? ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുക്കണം, ഭരദ്വാജ് അങ്കിളിന് വിരമിക്കാന്‍ സമയമായി, ഇയാള്‍ ഇപ്പോഴും പഴയ നൂറ്റാണ്ടിലാണ്’ എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

അതേസമയം, ബേസിൽ ജോസഫ് നായകനും ടൊവിനോ തോമസ് വില്ലനുമായ ‘അതിരടി’ മെയ് 14-ന് തിയേറ്ററുകളിലെത്തും. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിയ ഷിഹബുവാണ് നായിക. വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖമാണെങ്കിലും നിലവിൽ ഭരദ്വാജ് രംഗന്റെ വിവാദ ചോദ്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നിറയുന്നത്.