സി.ബി.ഐ യെ വിടാതെ സ്വാമി….

ഒരു സി.ബി.ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ ഇങ്ങിനെ സി.ബി.ഐ സീരീസില്‍ മാത്രം നാല് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ വന്നിട്ടും സ്വാമിയുടെ പേനയില്‍ സി.ബി.ഐ യ്ക്കായി മഷി ബാക്കിയാണ്. സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കിയിരിയ്ക്കുന്ന വേളയിലാണ് എസ്.എന്‍ സ്വാമി എന്ന ‘ത്രില്ലിംഗ് സ്‌ക്രിപ്റ്റ് റൈറ്റര്‍’ സെല്ലുലോയ്ഡിനോട് മനസ്സുതുറക്കുന്നത്. ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, നാടുവാഴികള്‍, മൂന്നാംമുറ, കാര്‍ണിവെല്‍, നരിമാന്‍, ധ്രുവം, തുടങ്ങീ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥാകത്ത് പറയുന്നു….

. മുപ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തെ എങ്ങനെയാണ് നോക്കി കാണുന്നത്..?

ഞാന്‍ വളരെ സന്തുഷ്ടനാണ്. ഇപ്പോള്‍ മുപ്പത് വര്‍ഷത്തോളമായ് സിനിമയില്‍. ഇതുവരെ പശ്ചാത്തപിക്കാന്‍ ഒന്നും ഉണ്ടായിട്ടില്ല. എന്റെ പല സിനിമകളും പല രീതികളില്‍ ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ എന്നെ അതൊന്നും ഒരു തരത്തിലും ബാധിച്ചിട്ടില്ല. അമിതമായ വിജയം എന്നെ അമിതമായി സന്തോഷിപ്പിക്കാറില്ല. അത് പോലെ അമിതമായ പരാജയവും എന്നെ അമിതമായ് ദു:ഖിപ്പിക്കാറില്ല. കാരണം സിനിമ എന്നത് ഒരു കൂട്ടായ്മയുടെ ഫലമാണ്. അതില്‍ എല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത്. അപ്പോള്‍ വിജയവും പരാജയവും എന്റെ മാത്രമായി കാണുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ഇപ്പോഴും എന്റെ തോണി മുന്നോട്ട് പൊയ്‌കൊണ്ടിരിക്കുകയാണ്.

.എഴുത്ത് വളരെ വേദനാജനകമാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ സാര്‍ ഇന്നുവരെ അങ്ങനെ പറയുന്നത് കേട്ടിട്ടില്ല.. എന്താണതിന്റെ കാരണം..?

ഒരു ക്രിയേഷന്റെ പെയ്ന്‍ എല്ലാവര്‍ക്കുമുണ്ടാവും. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു സീന്‍ വര്‍ക്കൗട്ടായില്ലെങ്കില്‍, ഒരു ഇന്‍സിഡെന്റ് വര്‍ക്കൗട്ടായില്ലെങ്കില്‍ നമ്മള്‍ വിഷമിക്കും. അതിന് ക്ഷമ എന്ന ഒരൊറ്റ മാര്‍ഗമേയുള്ളു. നമ്മളില്‍ ഒരു കഴിവ് എവിടെയോ ഉണ്ട്. അത് മറക്കരുത്. ആ കഴിവ് ഉള്ള കാലത്തോളം അതിന്റെ ഫലം നമ്മുക്ക് കിട്ടിയിരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്റെ അനുഭവവും അങ്ങനെ തന്നെയാണ്.

.എഴുത്താണ് തന്റെ മേഖലയെന്ന് എപ്പോഴാണ് തിരിച്ചറിയുന്നത് ..?

അങ്ങനെയൊന്നുമില്ല. ഇതൊക്കെ വളരെ ആക്‌സിഡന്റലായ് സംഭവിക്കുന്നതാണ്. ഞാന്‍ ഒരു എഴുത്തുകാരനൊന്നുമല്ല. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസമേ എനിയ്ക്കുള്ളു. പല തൊഴിലുകളും ചെയ്തിട്ടുണ്ട്. ഇമാജിനേഷന്‍ എന്നൊരു കഴിവുണ്ടായിരുന്നെങ്കിലും അത് ഇമാജിനേഷനാണെന്ന് തിരിച്ചറിയുന്നത് പിന്നീടാണ്. കാര്യങ്ങളെ സ്വന്തമായ രീതിയില്‍ ഇന്റര്‍പ്പ്രറ്റ് ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്നു. അതുപോലെ ഞാന്‍ ധാരാളമായ് വായിക്കുമായിരുന്നു. സിനിമ കാണുമായിരുന്നു. സിനിമ എനിക്ക് ജീവിതത്തില്‍ വളരെ അത്യാവശ്യമായ ഒരു കാര്യമായിരുന്നു. പിന്നീട് ഞാന്‍ സിനിമയിലെത്തിയതും വളരെ ആക്‌സിഡന്റലായാണ്. ഞാന്‍ ഒരു കഥയുമായ് ഒരാളുടെ മുന്നില്‍ പോയി അയാള്‍ക്കതിഷ്ടപ്പെട്ടു. അത്ര സിമ്പിളായിരുന്നു എനിക്ക് കാര്യങ്ങള്‍. ഒരു കഥയ്ക്ക് വേണ്ടി ഞാന്‍ ആരെയും തേടി പോയിട്ടില്ല. ഇന്നുവരെ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല.
ഞാനെഴുതുന്ന ഒരു വര്‍ക്ക് എനിക്കിഷ്ടപ്പെട്ടാല്‍ അത് മറ്റൊരാള്‍ക്കിഷടപ്പെടും. ഇഷ്ടപ്പെടാതിരുന്നിട്ടില്ല ഇന്നു വരെ. അതിനര്‍ത്ഥം എന്റെ ഉള്ളില്‍ ആ സര്‍ഗാത്മ ശക്തി എവിടെയോ ഉണ്ടായിരുന്നുവെന്നായിരിക്കണം. അതുകൊണ്ടായിരിക്കണം നമ്മള്‍ ഇപ്പോഴും നില നിന്ന് പോകുന്നത്.

. ‘കൂടും തേടി, ഒരു നോക്ക് കാണാന്‍’ തുടങ്ങീ ആദ്യകാലത്തെ കുടുംബകഥകളില്‍ നിന്നും പിന്നീട് എങ്ങനെയാണ് മാറ്റമുണ്ടായത്…?

ഉള്ളിന്റെ ഉള്ളില്‍ മാറ്റങ്ങള്‍ വരണമെന്ന് ഒരു തോന്നല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. ആ മാറ്റം പെട്ടെന്നുണ്ടായതല്ല. ചക്കരയുമ്മ, ഒരു നോക്ക് കാണാന്‍ തുടങ്ങീ കുടുംബ കഥകളില്‍ നിന്ന് 20ാം നൂറ്റാണ്ടിലേയ്‌ക്കെത്തുന്നത് ഡെന്നിസ് ജോസഫ് എന്ന എന്റെ ഒരു സുഹൃത്ത് വഴിയാണ്. അത് ഒരു പുതിയ മേഖലയായിരുന്നു. അത്‌കൊണ്ട് അതിന്റെ എല്ലാ ക്വാളിറ്റിയും എനിയ്ക്ക് ആ സിനിമയിലൂടെ കിട്ടി. അത് വരെയുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി എനിക്ക് എഴുതാന്‍ സാധിച്ചതും അതുകൊണ്ടാണ്. കുറച്ച് കഴിയുമ്പോള്‍ അതും ഒരു ആവര്‍ത്തനമാവും. അപ്പോള്‍ നമ്മള്‍ അടുത്ത മേഖല അന്വേഷിക്കുക. പുതിയ ജീനിലേക്ക് പോവുക. ഓഡിയന്‍സ് നമ്മളെക്കാള്‍ ബ്രില്ല്യന്റാണ്. റിപ്പീറ്റേഷന്‍ അവര്‍ നമ്മളെക്കാള്‍ പെട്ടന്ന് മനസ്സിലാക്കും. അങ്ങിനെ വരുമ്പോള്‍ നമ്മള്‍ കഥ മാറ്റിയില്ലെങ്കില്‍ അവര്‍ നമ്മളെ മാറ്റും..(ചെറിയൊരു ചിരി)

. സിനിമയുടെ തുടക്ക കാലം?

എന്റെ സുഹൃത്തുക്കള്‍ സിനിമകള്‍ നിര്‍മ്മിച്ചപ്പോള്‍ ഞാനായിരുന്നു അതിന്റെ എല്ലാം. എനിക്ക് സിനിമയോടുള്ള തീവ്രമായ ഒരാഗ്രഹം കാരണം അതിന്റെ ഏത് മേഖലയിലും ചെല്ലാന്‍ കഴിഞ്ഞിരുന്നു. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

. തുടക്ക കാലത്ത് മമ്മൂട്ടി താങ്കളെക്കുറിച്ച് ” താങ്കള്‍ക്ക് എഴുതാനറിയില്ല., എന്ന് തമാശയ്ക്ക് പറയുകയുണ്ടായി…. താങ്കള്‍ മറുപടിയായി മമ്മൂട്ടി ഇപ്പോള്‍ എന്നെ കുറിച്ചങ്ങനെ പറയില്ല എന്നും പിന്നീട് പറയുകയുണ്ടായി….എങ്ങനെയാണ് നിങ്ങള്‍ തമ്മിലുള്ള ഇടപെഴകല്‍…

(ചിരിക്കുന്നു…) അത് അയാള്‍ക്കെന്നോട് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.. എനിക്കത് അയാളോട് പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അയാളെന്നെപ്പറ്റി എന്ത് പറഞ്ഞാലും എനിക്കത് ഒരു വിഷയമേയല്ല .അന്ന് അയാളങ്ങനെ പറയാന്‍ കാരണം എനിക്കെഴുത്ത് അറിയില്ല.. വളരെ ചെറിയ വിദ്യാഭ്യാസമെയുള്ളു. ഞാന്‍ മലയാളം പഠിച്ചിട്ടില്ല എന്നൊക്കെയുള്ളത് കൊണ്ടാണ്…

. പലപ്പോഴും താരങ്ങളെ സൃഷ്ടിച്ചതിന് ‘മാടമ്പി കഥാപാത്രങ്ങളെ’സൃഷ്ടിച്ചു എന്നൊക്കെ തിരക്കഥാകൃത്തുക്കള്‍ വിമര്‍ശനമേല്‍ക്കാറുണ്ട്?
ആ അഭിപ്രായത്തോട് എനിക്ക് യോജിയ്ക്കാന്‍ കഴിയില്ല. ഒരു കഥാപാത്രവും കഥാകൃത്തും തമ്മില്‍ മാടമ്പി സ്വഭാവമാണെന്നൊ അല്ലെങ്കില്‍ ആ ഒരു കഥാപാത്രത്തിന് അങ്ങനെ ഒരു പ്രത്യേക വര്‍ണഭേദമുണ്ടെന്നൊ എന്നൊക്കെ ചിന്തിക്കുന്നത് ഒരു ക്രിട്ടിസിസത്തിന്റെ ഭാവമാണ്. മോഹന്‍ലാലിനെപ്പോലെ ഒരു ഹീറോയെ എങ്ങനെ പ്രൊജക്ട് ചെയ്താലും ജനങ്ങള്‍ക്ക് ഇഷ്ടമാവും.. അതുകൊണ്ടാണല്ലോ അവരുടെ കഥാപാത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത്. അതൊന്നും ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഒരു വിഷയമേയല്ല. ഉദാഹരണത്തിന് എന്റെ സേതുരാമയ്യര്‍ സി ബി ഐ എന്ന കഥയിലെ കഥാപാത്രം ഉത്ഭവിക്കുന്നത് മമ്മൂട്ടിയില്‍ നിന്നാണ്. ആ കഥാപാത്രം ഒരു ബ്രാഹ്മണനായിരിക്കണം എന്ന് എന്നോട് പറയുന്നത് മമ്മൂട്ടിയാണ്. കണ്ടതിനുശേഷം പല കഥാപാത്രങ്ങളോടും നമ്മുക്ക് യോജിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ക്രിട്ടിസിസം ഉണ്ടാവുന്നത്. ആ ഒരു ക്രിട്ടിസിസം ഒരു സിനിമ പുറത്തിറങ്ങുമ്പോഴാണ് അതിന്റെ പാരമ്യത്തിലെത്തുന്നത്. ഒരു കണക്കിന് അത് നല്ലതാണ്. നമ്മള്‍ വളരുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ സൂചനയാണത്. അതിനെ പോസിറ്റീവായി കാണുക.

.സിബിഐ സിനിമകളില്‍ പല കഥകള്‍ ഒരേ കഥാപാത്രം വെച്ച് പരീക്ഷിക്കുമ്പോള്‍ അത് വിജയിയ്ക്കും എന്ന ഒരു ചിന്ത എങ്ങനെയാണ് വരുന്നത്…?

സിനിമയില്‍ ഒരു ബ്രാന്‍ഡിംഗ് ഉണ്ട്. ചിലപ്പോള്‍ നമ്മള്‍ ഒരു സിനിമയെ മൊത്തമായി ബ്രാന്‍ഡ് ചെയ്യും. ചിലപ്പോള്‍ ഒരു കഥാപാത്രത്തെ ബ്രാന്‍ഡ് ചെയ്യും. അല്ലെങ്കില്‍ ആ കഥയുടെ തരത്തിനെ ബ്രാന്‍ഡ് ചെയ്യും. ഇവിടെ സേതുരാമയ്യര്‍ എന്ന ആ കഥയിലെ കഥാപാത്രമാണ് ബ്രാന്‍ഡ്. അത് നമ്മള്‍ പോലും അറിയാതെ സംഭവിക്കുന്നതാണ്. ആ ബ്രാന്‍ഡ് രക്ഷപ്പെട്ടാല്‍ ആ സിനിമയും രക്ഷപ്പെടും ഇതിനൊരു ഉത്തമ ഉദാഹരണമാണ് ജെയിംസ് ബോണ്ട് എന്ന സിനിമ.

.ഇത്തരത്തിലുള്ള ത്രില്ലര്‍ കഥകള്‍ എഴുതുമ്പോള്‍ പഠനങ്ങള്‍ നടത്താറുണ്ടൊ….?

സിനിമയില്‍ ലോജിക്ക് എന്നൊരു സംഭവമേയില്ല. സിനിമ എന്ന് പറയുന്ന ഒരു കല എന്നും ഫാന്റസിയാണ്. കാരണം നമുക്ക് ജീവിത്തില്‍ സ്വന്തമായി ചെയ്യാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ അത് നമ്മളെ സൈക്കോളജിക്കലി ബൂസ്റ്റ് ചെയ്യും. ഇവിടുത്തെ ചെറുപ്പക്കാരുടെയും പലരുടെയും ജീവിതത്തിന്റെ നിലനില്‍പ്പിന് തന്നെ കാരണം ചിലപ്പോള്‍ ഒരു ഹീറോ ആയിരിക്കും. അത് നമുക്ക് തെളിയിക്കാനൊന്നും പറ്റില്ല. ഇങ്ങനെ ഒരു കഥാപാത്രം കൊണ്ട് ഒരാള്‍ക്ക് എന്ത് കിട്ടിയെന്ന്. അതുകൊണ്ട് തന്നെ ഒരുവിധം കാര്യങ്ങളെല്ലാം തുടങ്ങുന്നത് ഒരു അന്ധമായ വിശ്വാസത്തില്‍ നിന്ന് തന്നെയാണ്.

. പുതിയ കാലത്തെ എഴുത്തുകാരെക്കുറിച്ച് എന്താണ് പറയാനുള്ളത്…?

പുതിയ കാലത്തെ മിക്ക എഴുത്തുകാരും ഡയറക്ടേഴ്‌സാണ്. അതൊരു നല്ല ചുവടുവെപ്പാണ്. പണ്ട് സംവിധായകനും എഴുത്തുകാരനും രണ്ടു പേരാണ്. അത് കൊണ്ട് തന്നെ ഒരെഴുത്തുകാരന്‍ പറയുന്നത് ഒരു സംവിധായകന് പൂര്‍ണ്ണമായും സ്‌ക്രീനിലെത്തിക്കുന്നതില്‍ പരിമിതികളുണ്ട്. എന്നാല്‍ ഒരെഴുത്തുകാരനും സംവിധായകനും ഒരാളാവുമ്പോള്‍ അയാള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം ലഭിക്കുന്നു. ആ സ്വാതന്ത്ര്യത്തിന്റെ വില വളരെ വലുതാണ്.

.എഴുത്തില്‍ സംവിധായകന് വേണ്ടിയോ നടനു വേണ്ടിയോ.. കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ടോ….?

ഞാനൊരു അഹംഭാവമായി പറയുകയല്ല. പക്ഷെ ഇത്രയും കാലത്തിനിടക്ക് എനിയ്ക്ക് അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല. സിനിമയുടെ നല്ലതിന് വേണ്ടി ഞാന്‍ ഒരു പാട് കോംപ്രമൈസ് ചെയ്തിട്ടുണ്ട്. പക്ഷെ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ എനിക്കത് നന്നായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. എനിക്കങ്ങനെ ചെയ്യാന്‍ വിരോധമുണ്ടായിട്ടല്ല. പക്ഷെ അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒരുപാട് ഉണ്ടായിട്ടില്ല.

. പുതിയ ചില സിനിമകളുടെ ഷൂട്ടിങ്ങിനിടയില്‍ പ്രൊഡ്യൂസര്‍മാരൊ ഡയറക്ടര്‍മാരൊ കഥ പെട്ടെന്ന് മാറ്റുന്നു…അതിനെക്കുറിച്ച്…?

ഒരു തിരക്കഥ മാറ്റുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് റൈറ്റര്‍ക്ക് കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടാണ്.. ഞാന്‍ പറയുന്നത് ഒരു തിരക്കഥ ഒരു സിനിമയുടെ നട്ടെല്ലാണെങ്കില്‍ അതിനെക്കുറിച്ച് ആ സിനിമയിലെ എല്ലാവര്‍ക്കും കൃത്യമായ ധാരണ വേണം. അതുണ്ടായതിന് ശേഷമേ ആ സിനിമ യഥാര്‍ത്ഥത്തില്‍ തുടങ്ങാവൂ. എന്റെ കാര്യത്തിലങ്ങനെയാണ്.. ഞാനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന കഥകളില്‍ ഒരെണ്ണം മൂന്ന് കൊല്ലവും മറ്റൊരെണ്ണം ഒരു കൊല്ലവുമായി. അപ്പോള്‍ എനിക്ക് ആ കഥ കണ്‍വിന്‍സായതിന് ശേഷം മാത്രമെ അത് ഞാന്‍ മറ്റൊരാളോട് പങ്കുവെക്കാറുള്ളു. ഒരു നല്ല സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ആ സിനിമ കാണാന്‍ കഴിയണം. അതാണ് പ്രധാനം.

.കെ മധുസാറിനൊപ്പമാണ് കൂടുതലും ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത്..എന്താണ് ആ കെമിസ്ട്രിക്ക് കാരണം…?

അത് അങ്ങനെ ഒരു കോമ്പിനേഷന്‍ ആയി വന്നതാണ്. ചിലത് നന്നായിട്ട് ചേരും. ചേരുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. ഒരു തരത്തില്‍ ഒരു നാച്യുറല്‍ ഹാര്‍മണി എന്ന് പറയാം..

.മമ്മൂക്കയുമൊത്ത് നിരവധി ചിത്രങ്ങള്‍ എങ്ങനെ ഒത്തുവന്നു…?

അന്നത്തെ കാലത്ത് മൂല്യമുളള നടന്‍ അദ്ദേഹമായിരുന്നു. ഞാന്‍ മൂല്യമുളള ഒരു റൈറ്ററും.. നമ്മള്‍ ഒത്തു വന്നപ്പോള്‍ ജനങ്ങള്‍ അതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചു. അങ്ങനെയുണ്ടായതാണ് ആ സിനിമകള്‍.

. എഴുത്തുകാരനും സംവിധായകനും ഒന്നായാലുള്ള ഗുണത്തെ പറ്റി പറഞ്ഞു…എന്താണ് സംവിധാനം ചെയ്യാത്തത്?

ഞാന്‍ സംവിധായകനായാല്‍ എനിക്കതിന് പറ്റിയ ഒരു കഥ കിട്ടണ്ടെ.. എനിക്കത് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഒരു സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും ഒന്നിക്കുമ്പോള്‍ കഥയോട് അത്രയും സ്നേഹം വേണം.. അങ്ങനെ ഒരു കഥ ലഭിക്കുമ്പോള്‍ ഞാന്‍ ഒരു സിനിമ ചെയ്യും.

.സമീപകാലത്തിറങ്ങിയ താങ്കള്‍ക്കേറ്റവുമിഷ്ടപ്പെട്ട ഒരു ത്രില്ലര്‍ സിനിമയേതാണ്…?

ഒരു പാട് സിനിമകളുണ്ട്. ഒരു സിനിമയെ മാത്രം എടുത്ത് പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അതൊരു മോശമാവും. അമല്‍ നീര ദ്, റോഷന്‍ ആന്‍ഡ്രൂസ് ഇങ്ങനെ തുടങ്ങിയ ഒരുപാട് യംഗ്‌സ്റ്റേര്‍സ് നല്ല സിനിമകളെടുക്കുന്നുണ്ട്. അവരുടെ സിനിമകള്‍ കാണുമ്പോള്‍ ഇങ്ങനെയുള്ള നല്ല കഥകള്‍ എഴുതാന്‍ സാധിക്കുന്നില്ലല്ലോ എന്നാണ് ആലോചിക്കാറ്..

. പുതിയ പ്രൊജക്ടുകള്‍…?

ഇപ്പോള്‍ ഞാന്‍ സിബിഐയുടെ അഞ്ചാം ഭാഗം ഒരു കഥ എഴുതി കഴിഞ്ഞു. പിന്നെ മമ്മൂട്ടിക്ക് വേണ്ടി മറ്റൊരു കഥയെഴുതുന്നുണ്ട്. ഇതു കൂടാതെ എന്റെ മകന് വേണ്ടി എഴുതുന്ന മറ്റൊരു കഥയുണ്ട്. അതിന്റെ ത്രെഡ്ഡൊക്കെ എഴുതിവെച്ചിട്ടുണ്ട്. എപ്പോഴാണ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതെന്ന് അറിയില്ല. സി ബി ഐ യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയും.