പിറന്നാള്‍ നിറവില്‍ സിത്താര

','

' ); } ?>

വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായ സിത്താര കൃഷ്ണകുമാറിന് ഇന്ന് മുപ്പത്തിമൂന്നാം പിറന്നാള്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘ഏനുണ്ടോടി’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ഗായിക. ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിത്താര കേരളത്തിലെ സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ് 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സിത്താര ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവന്‍ ടിവിയുടെ വോയ്‌സ് 2004ലെയും മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടു.

വിനയന്‍ സംവിധാനം ചെയ്ത അതിശയനില്‍ ഗാനം ആലപിച്ച് കൊണ്ടാണ് സിത്താര സിനിമയിലെത്തുന്നത്. ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാല്‍പ്പതോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളില്‍ ഗസല്‍ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്.

ഇളയരാജ, ഔസേപ്പച്ചന്‍, കെ രാഘവന്‍, രാജാമണി, എം ജയചന്ദ്രന്‍, ജി വി പ്രകാശ് കുമാര്‍, ശരത്, അല്‍ഫോണ്‍സ്, മെജോ ജോസഫ്, ഗോപീസുന്ദര്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക. വിദ്യാഭ്യാസ കാലത്ത് സ്‌കൂള്‍-കോളേജ് യുവജനോല്‍സവങ്ങളില്‍ നൃത്തഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സിത്താര, 2006,2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴില്‍ നൃത്തപഠനം ചെയ്യുന്ന സിത്താര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം രണ്ടു തവണയാണ് സിത്താരയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നണി ഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ സിത്താര ഗായിക മാത്രമല്ല, സംഗീത സംവിധായിക കൂടിയാണ്. കഥ പറഞ്ഞ കഥ, ഉടലാഴം എന്നീ രണ്ടു ചിത്രങ്ങളില്‍ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് സിത്താര.

സെല്ലുലോയ്ഡുമായി വിശേഷങ്ങള്‍ പങ്കുവെച്ച് സിത്താര..വീഡിയോ കാണാം..