കൊറോണ; ഗായിക കനിക കപൂറിനെതിരെ കേസ്, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. യാത്രാവിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തുകയും സമ്പര്‍ക്ക വിലക്ക് ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തതിനാണ് കേസെടുത്തത്. ഇന്നലെയാണ് കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചത്.

ലണ്ടന്‍ യാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കനിക സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. കനികയുടെ പരിപാടികളില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യ, എംപിമാരായ ദുഷ്യന്ത് സിംഗ്, ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.

നാലു ദിവസമായി പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നെന്നും കനിക പറയുന്നു. താനും കുടുംബവും പൂര്‍ണമായും സമ്പര്‍ക്ക വിലക്കിലാണെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും കനിക പറയുന്നു. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോള്‍ ഉള്ളത്.