
ജീവിതത്തിൽ പ്ലാനിങ്ങുകളില്ലെന്നും ആഗ്രഹിച്ചതിനേക്കാൾ വലിയ നേട്ടങ്ങളാണ് സിനിമ തനിക്ക് തന്നിട്ടുള്ളതെന്നും തുറന്നുപറഞ്ഞ് നടൻ സിദ്ദിഖ്. തനിക്ക് വേണ്ടിയോ അടുത്ത വർഷത്തെ ലക്ഷ്യങ്ങൾക്ക് വേണ്ടിയോ ഇതുവരെ പ്ലാൻ ഉണ്ടാക്കിയിട്ടില്ലെന്നും, വരും സിനിമകളിൽ അഭിനയം മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ്സ് തുറന്നത്.
കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ എന്ന് പറയുമെങ്കിലും, താൻ കുന്നിക്കുരുവോളം മാത്രം ആഗ്രഹിച്ച് കുന്നോളം നേടിയ ആളാണെന്ന് സിദ്ദിഖ് പറഞ്ഞു. താൻ സ്വപ്നം കണ്ടതിനേക്കാളും വലിയ വീട്ടിലാണ് താമസിക്കുന്നതും മികച്ച വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ചർച്ചകളിൽ പേര് വരണമെന്നും സ്വന്തം പിആർ വർക്കുകൾ ചെയ്യണമെന്നും മമ്മൂട്ടി പലപ്പോഴും തന്നോട് ഉപദേശിക്കാറുണ്ടെങ്കിലും അതിനൊന്നും തനിക്ക് താൽപ്പര്യമില്ലെന്നും സിദ്ദിഖ് പറയുന്നു.
ചലച്ചിത്രജീവിതത്തിലെ പ്രതിഫലത്തെക്കുറിച്ചും നിർമ്മാതാക്കളുടെ പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു. ഡബ്ബിങ്ങിന് മുൻപ് പണം വാങ്ങി ശീലമില്ലെന്നും, നിർമ്മാതാക്കൾ പ്രതിസന്ധിയിലാകുമ്പോൾ അവസാന നിമിഷം പണം നൽകാത്തത് ഗതികേടുകൊണ്ടാകാമെന്നും സിദ്ദിഖ് പറഞ്ഞു. ആ പണം അടുത്ത പത്ത് സിനിമകളിൽ നിന്ന് ലഭിക്കട്ടെയെന്ന് കരുതി വിട്ടുവീഴ്ച ചെയ്യാറുണ്ടെന്നും, തന്ന പണം തന്നെ അധികമാണെന്ന് വിശ്വസിക്കുന്ന തനിക്ക് പ്രതികാരബുദ്ധി പോലുള്ള ഭാരങ്ങളില്ലാതെ സന്തോഷത്തോടെ ജീവിക്കാനാണ് താൽപ്പര്യമെന്നും നടൻ വ്യക്തമാക്കി.
സിദ്ദിഖിന്റെ വാക്കുകൾ;
“എനിക്ക് വേണ്ടി പോലും ഞാനൊരു പ്ലാൻ ഉണ്ടാക്കിയിട്ടില്ല. അടുത്ത കൊല്ലം ഇന്നത് ചെയ്യണം. ഇങ്ങനെയൊരു ഗോൾ സെറ്റ് ചെയ്യണം എന്നൊന്നും വിചാരിക്കുന്ന ഒരാളല്ല ഞാൻ. വരുന്ന സിനിമകളിൽ നന്നായിട്ട് ചെയ്യുക. എന്നിലെ നടനെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്തി എടുക്കാൻ പറ്റും. എന്നുള്ള കാര്യങ്ങളാണ് എപ്പോഴും ചിന്തിച്ചിട്ടുള്ളത്.
മറ്റു സിനിമകൾ കാണുമ്പോഴും അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുമ്പോഴും വേറൊരു കഥാപാത്രത്തെ പറ്റി കേൾക്കുമ്പോഴും മറ്റൊരു സിനിമയെക്കുറിച്ച് ഒരാൾ സംസാരിക്കുമ്പോഴും എന്നെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ. മറ്റു പ്ലാനിങ്ങുകളൊന്നും ഞാനൊരിക്കലും ചെയ്യാറില്ല. അത് പറഞ്ഞു കൊടുക്കാനും എനിക്കറിയില്ല.
നീ അങ്ങനെയല്ല ചെയ്യണ്ടേ, ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊന്നും പറഞ്ഞു കൊടുക്കാനും എനിക്കറിയില്ല. വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ പോയാൽ മതിയെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. എന്റെ സ്വപ്നങ്ങൾക്ക് വരെ വലിയൊരു ലിമിറ്റ് കൊടുക്കുന്ന ആളാണ് ഞാൻ. ഒരുപാട് വലിയ മോഹങ്ങൾ പോലും എനിക്കങ്ങനെ വരാറില്ല.
കുന്നോളം ആഗ്രഹിച്ചാലാണ് കുന്നിക്കുരുവോളം കിട്ടുന്നത് എന്ന് പറയുമല്ലോ. ഞാൻ കുന്നിക്കുരുവോളം ആഗ്രഹിച്ചിട്ട് കുന്നോളം കിട്ടിയ ഒരാളായിട്ടാണ് ഞാൻ എന്നെ കണക്കാക്കുന്നത്. സിനിമയിൽ ചെറിയ ചെറിയ റോളുകൾ ചെയ്യുന്ന ആളായിട്ടാണ് നിങ്ങൾ എന്നെ കാണുന്നത്. ഞാൻ എന്നെ അങ്ങനെയല്ല കാണുന്നത്.
വളരെ ചെറിയ റോൾ മോഹിച്ചു വന്നിട്ട്, വലിയ കാരക്ടേഴ്സ് കിട്ടിയ ഒരാളായിട്ടാണ് എനിക്ക് എന്നെപ്പറ്റി തോന്നുന്നത്. ഞാൻ ഇത്രയൊന്നും കൊതിച്ച ഒരാളല്ല. ഞാൻ സ്വപ്നം കണ്ടൊരു വീട്ടിൽ അല്ല ഞാൻ താമസിക്കുന്നത്. ഞാൻ അതിനേക്കാളും വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. ഞാൻ മോഹിച്ചൊരു വാഹനത്തിലല്ല ഞാൻ യാത്ര ചെയ്യുന്നത്. അതിനേക്കാളുമൊക്കെ ഒരുപാട് വലിയ വാഹനത്തിലാണ്. എന്റെ സ്വപ്നങ്ങൾ ഒരുപാട് താഴെയാണ്.
എനിക്ക് അതിനേക്കാൾ ഒരുപാട് മുകളിൽ കിട്ടിയ ആളാണ് ഞാൻ. മമ്മൂക്ക പറയാറുണ്ട്, ‘നിന്റെ പിആർ ഒന്നും പോര’ എന്ന്. ‘വലിയ ചർച്ചകൾ നടക്കുന്നിടത്ത് നിന്റെ പേര് ഒന്നും ആളുകൾ പറയുന്നില്ല. അതിനൊക്കെ നീ തന്നെ തുടക്കമിടണം’ എന്നൊക്കെ. എനിക്ക് പക്ഷേ അങ്ങനെയൊന്നുമറിയില്ല. ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതാണ് എനിക്ക് സന്തോഷം.
ഞാൻ സംതൃപ്തനാണ് എന്നുള്ളതാണ് എന്റെ സന്തോഷം. ഇപ്പോഴുള്ള അവസ്ഥയിൽ ഞാൻ സന്തോഷിക്കുന്നുണ്ട്, മതി. പ്രതികാരബുദ്ധിയില്ലാതെ ജീവിക്കാൻ എനിക്ക് എളുപ്പമാണ്. പ്രതികാരബുദ്ധി ഒക്കെ ചുമന്നു കൊണ്ട് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. നമ്മളങ്ങനെ പ്രതികാര ബുദ്ധിയെക്കുറിച്ച് ആലോചിച്ച് ആലോചിച്ച്, നമ്മുടെ മനസിനെ തന്നെ നമ്മൾ വേദനിപ്പിച്ച്. അവസാനം പ്രതികാരം ചെയ്യാൻ ഇട്ട് പറ്റിയുമില്ല.
അപ്പോൾ ആ ഒരു മേഖല അങ്ങ് വിട്ടു കഴിഞ്ഞാൽ കുഴപ്പമില്ല. നമ്മളീ പൈസ കിട്ടാനുണ്ട് എന്ന് പറയുന്നതു പോലെയാ. നമുക്കൊരാൾ പൈസ തരാനുണ്ട്. ആ പൈസ അങ്ങ് വേണ്ട എന്ന് വച്ചു നോക്ക്. ആ പ്രശ്നം തീർന്നു. നമുക്കത് കിട്ടാനില്ല. ഞാൻ സിനിമയിൽ വന്ന കാലത്തും അതിനു മുൻപും ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ പിന്നെ ആ ഏർപ്പാട് ഇല്ലാത്തതു കൊണ്ടാ.
എന്റെ കയ്യിൽ ഒരുപാട് വണ്ടി ചെക്ക് ഇരിപ്പുണ്ട് എന്ന് പറയുന്നത്. എന്റെ കയ്യിൽ ഒരു വണ്ടി ചെക്കുമില്ല. വണ്ടി മാത്രമേ ഉള്ളൂ. അങ്ങനെ ചോദിക്കാറില്ല. ഞാൻ ഡബ്ബിങ്ങിന് മുൻപ് എന്റെ പൈസ വാങ്ങിച്ചെടുക്കും എന്ന് പറയുന്നവരുണ്ട്. ഞാൻ ഇന്നേവരെ ഒരു സിനിമയും ഡബ്ബിങ്ങിന് മുൻപ് സെറ്റിൽമെന്റ് നടത്തിയിട്ടില്ല. ഡബ്ബിങ് കഴിഞ്ഞ ശേഷം അവർ കൊടുത്ത് അയക്കുന്നതേ ഉള്ളൂ.
ഒരു സിനിമയിൽ എന്റെ പ്രതിഫലം അവരാണ് നിശ്ചയിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു നിർമാതാവിന് അവസാന നിമിഷം ആകുമ്പോൾ പൈസ തരാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്. ഇവന് ഞാൻ പൈസ കൊടുക്കില്ല എന്ന് വാശി പിടിച്ചിട്ടല്ല. ചിലപ്പോൾ ഗതികേട് കൊണ്ടാകും. നമ്മളോട് ഒക്കെയല്ലേ പറയാൻ പറ്റുകയുള്ളൂ.
അപ്പോൾ അതിൽ വിട്ടുവീഴ്ച ചെയ്യും. ആ സിനിമയിൽ നിന്ന് കിട്ടാനുള്ളത് വേറൊരു പത്ത് സിനിമയിൽ നിന്ന് കിട്ടട്ടേ. അത്രയും കൂടി സിനിമയിൽ അഭിനയിക്കാമല്ലോ. അങ്ങനെ വിചാരിക്കുമ്പോൾ ഞാൻ കുറച്ചു കൂടി ലൈറ്റ് ഹാർട്ട് ആകും. എനിക്ക് അങ്ങനെ കണക്കുകളൊന്നുമില്ല. തന്ന പൈസ തന്നെ അധികം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ”.-