
‘സ്വപ്നം കൊണ്ടൊരു തുലാഭാരം’ എന്ന മലയാള ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിക്കുമ്പോൾ താൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നുവെന്ന് തെന്നിന്ത്യൻ താരം ശ്രുതിക അർജുൻ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പഴയ സിനിമാ ഓർമ്മകളും സുരേഷ് ഗോപിയുമായുള്ള സൗഹൃദവും പങ്കുവെച്ചത്. അഭിമുഖത്തിന് പിന്നാലെ, പത്താം ക്ലാസിൽ പഠിക്കുമ്പോഴാണോ സുരേഷ് ഗോപിയുടെ നായികയായതെന്ന ആരാധകരുടെ ആശ്ചര്യവും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായി.
സെറ്റിൽ വെച്ച് ആദ്യമായി പരിചയപ്പെട്ടപ്പോൾ താനൊരു കൊച്ചുകുട്ടിയാണെന്ന് കണ്ട് സുരേഷ് ഗോപി അത്ഭുതപ്പെട്ടുവെന്ന് ശ്രുതിക ഓർത്തെടുക്കുന്നു. പത്താം ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി. പുതിയ സ്ഥലവും ഭാഷയും അറിയാത്തതിനാൽ സെറ്റിൽ തനിക്ക് യാതൊരുവിധ അസ്വസ്ഥതകളും ഉണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിറ്റേദിവസം സെറ്റിലെത്തിയപ്പോൾ ‘ടോമി ഗേൾ’ എന്ന ബ്രാൻഡിന്റെ പെർഫ്യൂം സമ്മാനമായി നൽകുകയും നല്ലൊരു ഭാവി ആശംസിക്കുകയും ചെയ്തതായും താരം വെളിപ്പെടുത്തി.
അഭിമുഖത്തിനിടെ സുരേഷ് ഗോപി ഇപ്പോൾ മന്ത്രിയാണെന്ന കാര്യം അറിയാമോ എന്ന് അവതാരക ചോദിച്ചപ്പോഴുള്ള രസകരമായ നിമിഷങ്ങളും വൈറലായിട്ടുണ്ട്. കേരളത്തിലാണോ മന്ത്രിയെന്ന ശ്രുതികയുടെ ചോദ്യത്തിന് ‘തൃശൂരിൽ കേന്ദ്രമന്ത്രി’ എന്നാണ് അവതാരക മറുപടി നൽകിയത്. ഇതിലെ അവ്യക്തത ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഒരു കൊച്ചുപെൺകുട്ടിക്ക് സെറ്റിൽ സൗകര്യമൊരുക്കാൻ ഇത്രയധികം കരുതൽ കാണിച്ച അദ്ദേഹം ജനപ്രതിനിധിയായാൽ നാട്ടുകാർക്കായി എന്തെല്ലാം ചെയ്യുമെന്നും ശ്രുതിക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
2002-ൽ പതിനാലാം വയസ്സിൽ സൂര്യയുടെ നായികയായി ‘ശ്രീ’ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ആൽബം’, ‘നള ദമയന്തി’ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ട താരം രണ്ട് വർഷത്തിന് ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം 2022-ൽ ‘കുക്ക് വിത്ത് കോമാളി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ശ്രുതിക വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്.
ശ്രുതികയുടെ വാക്കുകൾ
“ഒരു വശത്ത് സുരേഷ് ഗോപി സർ, മറുവശത്ത് കുഞ്ചാക്കോ ബോബൻ, നടുവിൽ കുട്ടിയായ ഞാൻ! സെറ്റിൽ ചെന്നു പരിചയപ്പെട്ടപ്പോൾ ചെറിയ കുട്ടിയാണല്ലോ എന്നൊരു ആശ്ചര്യമായിരുന്നു അദ്ദേഹത്തിന്. എന്താണ് ഞാൻ ചെയ്യുന്നത് എന്നാണ് ആദ്യം ചോദിച്ചത്. പഠിക്കുകയാണെന്നു പറഞ്ഞപ്പോൾ ഏതു ക്ലാസിലാണെന്ന് ചോദിച്ചു. പത്തിലാണെന്നു പറഞ്ഞപ്പോൾ ഞെട്ടി. അടുത്ത ദിവസം എനിക്ക് ഓർമയുണ്ട്, അദ്ദേഹം വന്നപ്പോൾ എനിക്കൊരു സമ്മാനം കൊണ്ടു വന്നു. പുതിയ സ്ഥലമല്ലേ… ഞാൻ കംഫർട്ടബിൾ ആയി ഇരിക്കണ്ടേ… എനിക്കാണെങ്കിൽ ഭാഷയും അറിയില്ല. ഇതെല്ലാം ആലോചിച്ചാകും അദ്ദേഹം എനിക്കൊരു സമ്മാനം തന്നു. ടോമി ഗേൾ എന്ന ബ്രാൻഡിന്റെ പെർഫ്യൂം ആയിരുന്നു സമ്മാനം. നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന ആശംസകളോടെയാണ് എനിക്ക് അന്ന് സമ്മാനം തന്നത്.
ഒരു ചെറിയ പെൺകുട്ടി സെറ്റിൽ കംഫർട്ടബിൾ ആയിരിക്കാൻ പെർഫ്യൂം വാങ്ങിക്കൊടുക്കാൻ മനസ്സു കാണിച്ച അദ്ദേഹം എം.പി ആയാൽ സ്വന്തം നാട്ടുകാർക്കായി എന്തെല്ലാം ചെയ്യും.!”