‘ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു’; ‘എഓടി’ വിജയാഘോഷത്തിൽ എസ്.എസ്. രാജമൗലി

','

' ); } ?>

പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക്ക താര’ (എഓടി) എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ദുൽഖർ സൽമാനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോസിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ രാജമൗലി, ‘തമ്മി… നീ ഞങ്ങളുടെ സ്വന്തം ആളാണ്’ എന്ന സ്നേഹപൂർവമായ വാക്കുകളോടെയാണ് ദുൽഖറിനെ അഭിസംബോധന ചെയ്തത്. ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കുമായിരുന്നില്ലെന്നും ചിത്രം വളർന്നത് ദുൽഖറിന്റെ തോളിലേറിയാണെന്നും രാജമൗലി വ്യക്തമാക്കി. സ്വന്തം അഭിനയ മികവിനെക്കുറിച്ച് ദുൽഖർ എന്ത് കരുതിയാലും തെലുങ്ക് സിനിമാലോകത്തിന് അതൊരു വിഷയമല്ലെന്നും, തെലുങ്ക് പ്രേക്ഷകർ ദുൽഖറിനെ ചേർത്തുപിടിച്ച രീതി കാണുമ്പോൾ അദ്ദേഹം തങ്ങളിൽ ഒരാളാണെന്നാണ് തോന്നുന്നതെന്നും രാജമൗലി കൂട്ടിച്ചേർത്തു.

സിനിമയിലെ നിരവധി രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരുമായി വേഗത്തിൽ സംവദിക്കുന്നവയാണെന്ന് രാജമൗലി ചൂണ്ടിക്കാട്ടി. ചെറിയ പ്ലാനറ്റോറിയത്തിൽ ബഹിരാകാശയാത്രികന്റെ കൈവിരൽ നീളുന്ന രംഗവും, ഭാര്യയെ പഠിപ്പിക്കാൻ കൃഷ്ണ മുന്നിട്ടിറങ്ങുന്നതിന്റെ കാരണം പിന്നീട് വ്യക്തമാകുന്ന ഭാഗവും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. “എനിക്ക് നിന്നെ ഓർമ്മയില്ലമ്മ” എന്ന രംഗം കണ്ട് സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുപോയെന്നും, സ്ക്രീനിൽ കാണാത്ത കഥാപാത്രത്തെ പോലും മുന്നിൽ കൊണ്ടുവരാൻ ശ്രുതിയുടെ കഥാപാത്രത്തിന്റെ സംഭാഷണത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാത്വികയ്ക്ക് ഇന്ത്യൻ സിനിമയിൽ വലിയ ഭാവിയുണ്ടെന്നും രാജമൗലി അഭിപ്രായപ്പെട്ടു.

മറുപടി പ്രസംഗത്തിൽ തെലുങ്ക് സിനിമയുടെ കഥപറച്ചിൽ മികവ് തന്നെ പരിചയപ്പെടുത്തിയത് രാജമൗലിയുടെ ‘മഗധീര’, ‘ഈഗ’, ‘ബാഹുബലി’ എന്നീ ചിത്രങ്ങളാണെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി. വലിയ വിജയങ്ങൾ നേടിയിട്ടും രാജമൗലി അത് വളരെ ലാളിത്യത്തോടെയാണ് കൊണ്ടുനടക്കുന്നതെന്നും മികച്ച ചലച്ചിത്രകാരനൊപ്പം മികച്ചൊരു മനുഷ്യനുമാണ് അദ്ദേഹമെന്നും ദുൽഖർ പറഞ്ഞു. രാജമൗലിയുടെ പുതിയ ചിത്രമായ ‘വാരണാസി’ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘മഹാനടി’ കാലം മുതൽ തെലുങ്ക് സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നിർമാതാവ് സ്വപ്ന ദത്തിനോടുള്ള കടപ്പാടും ദുൽഖർ പങ്കുവച്ചു. നിർമാതാവ് അല്ലു അരവിന്ദിന്റെ ഊർജ്ജസ്വലതയെയും, സണ്ണി ഗുന്നം, രമ്യ ഗുന്നം എന്നിവരുടെ കരുതലിനെയും, സംവിധായകൻ പവൻ സാദിനേനിയെയും, സഹതാരങ്ങളായ സാത്വിക വീരവല്ലി, ശ്രുതി ഹാസൻ, റുഹാനി ശർമ്മ എന്നിവരെയും അദ്ദേഹം പ്രശംസിച്ചു. മറ്റൊരു ഇൻഡസ്ട്രിയിൽ നിന്നാണ് വന്നതെന്ന് തെലുങ്ക് പ്രേക്ഷകർ ഒരിക്കൽ പോലും തോന്നിപ്പിച്ചിട്ടില്ലെന്നും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വ്യത്യസ്ത കഥകൾ തിരഞ്ഞെടുക്കാൻ കലാകാരന്മാർക്ക് ധൈര്യം നൽകുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.

രാജമൗലിയുടെ വാക്കുകൾ

“തമ്മി, നീ ഞങ്ങളുടെ സ്വന്തം ആളാണ്. കൽപന കൃഷ്ണയുടെ തോളിലേറി വളർന്നതാണെങ്കിൽ, ‘എഓടി’ (AOT) ദുൽഖറിന്റെ തോളിലേറി വളർന്ന സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ യാതൊരു സംശയവുമില്ല. ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇത്രയും മനോഹരമായ ഒരു സിനിമ നമുക്ക് കാണാനും കഴിയുമായിരുന്നില്ല. അതിനെല്ലാം കാരണം ദുൽഖറാണ്. അതിന് ഒരുപാട് നന്ദി.‌

സ്വയം ഒരു മികച്ച നടനല്ലെന്നൊക്കെ ദുൽഖർ പറയാറുണ്ട്. സ്വന്തം കഴിവിനെക്കുറിച്ച് എന്ത് ചിന്തിച്ചാലും ഞങ്ങൾക്ക് അതൊരു വിഷയമല്ല. ഞങ്ങൾക്ക് ദുൽഖറിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. തെലുങ്ക് സിനിമാലോകം ദുൽഖറിനെ ചേർത്തുപിടിച്ച രീതി കാണുമ്പോൾ, ദുൽഖർ ഞങ്ങളിൽ ഒരാളാണെന്നാണ് എനിക്ക് തോന്നുന്നത്.

ഈ സിനിമയിലെ നിരവധി രംഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരുമായി വളരെ വേഗത്തിൽ സംവദിക്കുന്നവയാണ്. പ്രത്യേകിച്ച്, ആ ചെറിയ പ്ലാനറ്റോറിയത്തിൽ വച്ച് ബഹിരാകാശയാത്രികന്റെ കൈവിരൽ നീളുന്ന രംഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതുപോലെ, ഭാര്യയെ പഠിപ്പിക്കാൻ കൃഷ്ണ മുന്നിട്ടിറങ്ങുന്ന രംഗത്തിന് പിന്നിലെ കാരണം പിന്നീട് വ്യക്തമാകുമ്പോൾ അതൊരു മനോഹരമായ പൂർത്തീകരണമായി മാറുന്നുണ്ട്.

‘എനിക്ക് നിന്നെ ഓർമ്മയില്ലമ്മ’ എന്ന രംഗം കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞുപോയി. വർഷങ്ങളായി വിത്തുകൾ പാകിക്കൊണ്ടിരിക്കുന്ന ആ കഥാപാത്രത്തിന്റെ ആത്മാർഥത എന്നെ വല്ലാതെ സ്പർശിച്ചു. പിന്നെ, ശ്രുതിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട ‘നിന്റെ സ്വപ്നം ആകാശത്താണെങ്കിൽ ഭൂമിയുമായി എനിക്കെന്ത് കാര്യം അമ്മ’ എന്ന ഒരൊറ്റ സംഭാഷണത്തിലൂടെ സ്ക്രീനിൽ കാണാത്ത ഒരു കഥാപാത്രത്തെ പോലും നമ്മുടെ മുന്നിൽ കൊണ്ടുവരാൻ സാധിച്ചു എന്നത് വലിയൊരു കാര്യമാണ്.”