
മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ശ്രദ്ധ ശ്രീനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയും അതിന് താഴെ വന്ന അധിക്ഷേപ കമന്റുകൾക്ക് താരം നൽകിയ ചുട്ട മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ബോളിവുഡ് ചിത്രം ‘മേം വാപാസ് ആവൂംഗ’യിലെ ‘തേരെ പാസ് മേം’ എന്ന ഗാനം മനോഹരമായി ആലപിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം റീൽ വീഡിയോ ശ്രദ്ധ പങ്കുവെച്ചിരുന്നു.
താരത്തിന്റെ പാട്ടിനെ അഭിനന്ദിച്ച് നടിമാരായ മൃണാൾ ഠാക്കൂർ, അദിതി റാവു എന്നിവരുൾപ്പെടെയുള്ള സിനിമാ ലോകവും ആരാധകരും രംഗത്തെത്തിയെങ്കിലും, ചിലർ വസ്ത്രധാരണത്തെയും വ്യക്തിജീവിതത്തെയും ലക്ഷ്യമിട്ട് അധിക്ഷേപ കമന്റുകളുമായി എത്തി.
പാട്ട് നന്നായെങ്കിലും ധരിച്ചിരിക്കുന്ന വസ്ത്രം അതിന് ചേരുന്നതല്ല എന്ന് കമന്റ് ചെയ്തയാൾക്ക്, “ഡിയർ, നിങ്ങളുടെ പരാതി അടുത്തുള്ള മുൻസിപ്പൽ ഓഫീസിൽ കൊണ്ട് കൊടുക്കൂ” എന്നായിരുന്നു ശ്രദ്ധയുടെ മാസ് മറുപടി. ജീവിതം പാഴാക്കാതെ ആദ്യം പോയി കല്യാണം കഴിച്ച് ഭാവി ആസ്വദിക്കാൻ ഉപദേശിച്ച മറ്റൊരാളോട് “ആദ്യം നീ പോയി ആരെയെങ്കിലും കല്യാണം കഴിക്കൂ, എന്നിട്ട് ഞാൻ കഴിച്ചോളാം” എന്ന് പറഞ്ഞ് താരം വായടപ്പിച്ചു.