ചലച്ചിത്ര അക്കാദമി ഹ്രസ്വ ചലച്ചിത്ര തിരക്കഥാ മത്സരം സംഘടിപ്പിക്കുന്നു

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന ദിനങ്ങളില്‍ പ്രത്യാശയും അതിജീവന സന്ദേശവും പകര്‍ന്നുനല്‍കുന്ന ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചലച്ചിത്ര അക്കാദമി തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ദുരിതകാലത്തോടുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം രേഖപ്പെടുത്തുക എന്നീ സാംസ്‌കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മത്സരം.
‘ഏകാന്തവാസവും അതിജീവനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് തിരക്കഥകള്‍ തയ്യാറാക്കേണ്ടത്. കൊറോണ രോഗ വ്യാപനത്തെ തുടര്‍ന്ന് മലയാളികള്‍ അഭിമുഖീകരിക്കുന്ന ഏകാന്തവാസത്തിന്റെയും അതിജീവന ശ്രമങ്ങളുടെയും കലാപരമായ ആവിഷ്‌കാരങ്ങളായിരിക്കണം രചനകള്‍. 10 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ളതാകണം തിരക്കഥകള്‍. മലയാളത്തിലോ ഇംഗ്ലീഷിലോ സമര്‍പ്പിക്കാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിഭാഗം, വനിതകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക വിഭാഗം ഉണ്ടാകും. ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ജൂറി മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കും. ഇവ ചലച്ചിത്രമാക്കുന്നതിന് 50,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കും. പൊതുവിഭാഗത്തില്‍ നിന്ന് നാലും സത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും മൂന്ന് വീതവും സ്‌ക്രിപ്റ്റുകളാണ് തിരഞ്ഞെടുക്കുക. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ അടുത്ത രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രത്യേക പാക്കേജായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സ്‌ക്രിപ്റ്റുകള്‍ അയക്കേണ്ട അവസാന തീയ്യതി മെയ് 3. വിശദവിവരങ്ങള്‍ ചലച്ചിത്ര അക്കാദമിയുടെ (www.keralafilm.com) വെബ്‌സൈറ്റില്‍ അറിയാം