ചിത്രീകരണത്തിന് വ്യാവസായികാടിസ്ഥാനത്തില്‍ സ്ഥലമൊരുക്കുന്നത് പരിഗണിക്കുന്നു

സിനിമാ ചിത്രീകരണത്തിന് വ്യാവസായികാടിസ്ഥാത്തില്‍ സ്ഥലമൊരുക്കി കൊടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് വ്യാവസായ മന്ത്രി പി രാജീവ്. സിനിമാ മേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. സിനിമയെ വ്യവസായിമായി കാണുന്ന കാര്യത്തില്‍ നയം മാറ്റത്തിന്റെ കാര്യം കൂടുതല്‍ ആലോചനകള്‍ വേണം. ഫെഫ്ക ഭാരവാഹികള്‍ തന്നെ ബന്ധപ്പെട്ടു. അവരുടെ പ്രശ്‌നങ്ങള്‍ കൂടെ കേട്ടതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് സജി ചെറിയാന്റെ പ്രതികരണം. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഫെഫ്കയും അതോടൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രതിസന്ധിയായതോടെ ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്ക് ചിത്രീകരണം മാറ്റിയത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് കാട്ടി സര്‍ക്കാരിന് സംഘടനകള്‍ കത്തും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെപ്രതികരണം. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം തെലുങ്കാനയില്‍ ചിത്രീകരണം ആരംഭിച്ചു. സീരിയലിന് അനുമതി നല്‍കിയപ്പോള്‍ സിനിമയ്ക്ക് അനുമതി നല്‍കുന്നില്ലെന്ന ആക്ഷേപമാണുയരുന്നത്.