
കരാർ ഒപ്പിട്ടിട്ടും ഷൂട്ടിങ് ആരംഭിക്കാത്തതിനെ തുടർന്ന് തമിഴ് നടൻ രവി മോഹൻ നിർമാണ കമ്പനിയോട് 9 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ബോബി ടച്ച് ഗോൾഡ് യൂണിവേഴ്സൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിർമാണ കമ്പനിക്കെതിരെയാണ് ഹർജി.
രണ്ട് സിനിമകളിൽ അഭിനയിക്കാൻ 2025 ജനുവരി മുതൽ മാർച്ച് വരെ 80 ദിവസത്തെ കോൾഷീറ്റ് നൽകിയിട്ടും ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചില്ലെന്ന് രവി മോഹൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം മറ്റ് സിനിമകളിലെ അവസരങ്ങൾ നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മാർച്ച് മുതൽ ജൂൺ വരെ സമയവും അനുവദിച്ചെങ്കിലും ഷൂട്ടിങ്ങിൽ പുരോഗതി ഉണ്ടായില്ലെന്നും കരാർ അവസാനിപ്പിച്ച് പദ്ധതിയിൽ നിന്ന് പിന്മാറേണ്ടിവന്നതായും ഹർജിയിൽ പറയുന്നു.
വിവരം നിർമ്മാതാവിനെ അറിയിച്ചതിനു പിന്നാലെ 6 കോടി രൂപയുടെ മുൻകൂർ പേയ്‌മെന്റ് തിരികെ നൽകാൻ നോട്ടീസ് അയച്ചുവെന്ന് രവി മോഹൻ വ്യക്തമാക്കി. ഇതിനൊപ്പം, കമ്പനി നിർമ്മിച്ച ‘ചെന്നൈ സിറ്റി ഗ്യാങ്സ്റ്റർ’ ഉള്‍പ്പെടെയുള്ള സിനിമകളുടെ വിൽപ്പനയും റിലീസും തടയണമെന്ന് ഹർജിയിൽ അപേക്ഷിച്ചിട്ടുണ്ട്. അതേസമയം, കരാർ ലംഘിച്ചാണ് രവി മോഹൻ മറ്റൊരു സിനിമയായ ‘പരാശക്തി’യിൽ അഭിനയിച്ചതെന്ന് നിർമാണ കമ്പനി ഹൈക്കോടതിയിൽ വാദിച്ചു. പ്രാരംഭ വാദങ്ങൾ കേട്ട ശേഷം കോടതി കേസ് ജൂലൈ 23 ലേക്ക് മാറ്റിയിട്ടുണ്ട്.