
നടി അനുമോൾ ഉടൻ വിവാഹിതയാകുമെന്ന വാർത്തകൾ സ്ഥിരീകരിച്ച് ഉറ്റസുഹൃത്തും നടനുമായ ഷിയാസ് കരീം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അനുമോളുടെ കല്യാണവിശേഷങ്ങൾ ഷിയാസ് പങ്കുവെച്ചത്. എന്നാൽ, ഈ വാർത്തകളോട് അനുമോൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിനിമാ മേഖലയിൽ നിന്നോ ബിസിനസ്സ് രംഗത്തു നിന്നോ ഉള്ളയാളല്ല അനുമോളുടെ വരനെന്ന് ഷിയാസ് വ്യക്തമാക്കി. നല്ലൊരു ജോലി ചെയ്യുന്ന, കാണാൻ ഏറെ ഭംഗിയുള്ള വ്യക്തിയാണ് ആളെന്നും തനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നും താരം പറഞ്ഞു. എന്നാൽ വരന്റെ പേരും മറ്റു വിവരങ്ങളും വിവാഹസമയത്ത് അനുമോൾ തന്നെ വെളിപ്പെടുത്തുന്നതാണ് ശരിയെന്നും, അതിനാലാണ് കൂടുതൽ കാര്യങ്ങൾ പറയാത്തതെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ടെലിവിഷൻ ഷോയായ ‘സ്റ്റാർ മാജിക്’ വഴിയാണ് അനുമോളും ഷിയാസും സഹോദരതുല്യമായ സൗഹൃദം ആരംഭിക്കുന്നത്. അനുമോൾ ബിഗ് ബോസ് ഷോയിൽ ഉണ്ടായിരുന്ന സമയത്തും പുറത്തുനിന്ന് വലിയ പിന്തുണയാണ് ഷിയാസ് നൽകിയിരുന്നത്.
നല്ലൊരു പങ്കാളിയെ കണ്ടെത്തി കുടുംബ ജീവിതത്തിലേക്ക് കടക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അടുത്തിടെ അവതാരകയും സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുമോൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹവാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഷിയാസ് രംഗത്തെത്തിയിരിക്കുന്നത്.