
അർബുദം സ്ഥിരീകരിച്ച നാളുകളിലാണ് യഥാർത്ഥ സ്നേഹം താനനുഭവിച്ചതെന്ന് തുറന്നു പറഞ്ഞ് നടൻ ശിവരാജ് കുമാർ. പലപ്പോഴും മരണം തൊട്ടടുത്ത് നിൽക്കുന്നതുപോലെ തോന്നിയെന്നും, ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവുമൊന്നും പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ശിവരാജ് കുമാർ പറഞ്ഞു. 5 എന്ന തന്റെ പുതിയ ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് മാധ്യമമായ ബിഹൈൻഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്കെന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കണമായിരുന്നു. പാതിവഴിയിൽ നിർത്തിപ്പോയി എന്ന് ആർക്കും തോന്നാൻ ഇടവരരുത്. അതുകൊണ്ടാണ് ജോലിയെല്ലാം തീർത്തശേഷം മാത്രം ചികിത്സയ്ക്ക് പോയത്. ദൈവം സഹായിച്ച് കീമോ ചെയ്‌തതിനുശേഷം മുടി കൊഴിഞ്ഞില്ല. എനിക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. ആ ഊർജം എവിടെനിന്ന് വന്നുവെന്ന് അറിയില്ല. ഷൂട്ടിങ് കഴിഞ്ഞ് ചികിത്സയ്ക്ക് പോകുമ്പോൾ ചുറ്റുമുള്ളവർ കരയുന്നത് കണ്ടു. യഥാർത്ഥ സ്നേഹം ഞാനവിടെ കണ്ടു.” ശിവരാജ് കുമാർ പറഞ്ഞു.
“രോഗാവസ്ഥയിൽ കുടുംബവും ആരാധകരും ഉൾപ്പെടെ എല്ലാവരും പിന്തുണച്ചു. ആരാധകരിൽ പലരും തന്റെ നേർക്ക് സങ്കടം അടക്കിപ്പിടിച്ച് നോക്കുകയായിരുന്നു. പക്ഷേ അവരുടെ കണ്ണുകളിൽ എന്തായിരുന്നെന്ന് തനിക്ക് മനസിലാവും. മേക്കപ്പ് മിററിൽ നോക്കുമ്പോൾ ഇത് അവസാനമായിരിക്കുമോ എന്ന് തോന്നിയിട്ടുണ്ട്. ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവുമൊന്നും പണത്തിന് വേണ്ടിയായിരുന്നില്ല. എല്ലാം സ്നേഹത്തിനുവേണ്ടിമാത്രമായിരുന്നു. അങ്ങനെയൊക്കെ തോന്നാൻ താൻ അവർക്ക് ആരായിരുന്നു. ഒരു നടൻ മാത്രമായിരുന്നോ? അതോ അതിനും മേലെ എന്തെങ്കിലുമായിരുന്നോ? ഇതിലുപരി ജീവിതത്തിൽ എന്താണ് വേണ്ടത്.” ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷമാണ് ശിവരാജ്‌കുമാറിന് മൂത്രാശയത്തിൽ അർബുദം സ്ഥിരീകരിച്ചത്. 2024 ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് (എംസിഐ) അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഈ വർഷം ജനുവരി ഒന്നിന് താൻ രോഗമുക്തനായെന്ന് താരം അറിയിച്ചു. 45 കൂടാതെ രജനികാന്തിന്റെ ജയിലർ 2 ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.