
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് തെലുങ്ക് നടൻ ശിവാജി. താൻ ആരെയും അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും, സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ പ്രശ്‌നങ്ങൾ ഒഴിവാക്കാമെന്ന് പറയാൻ ശ്രമിച്ചതാണെന്നും ശിവാജി പറഞ്ഞു. കൂടാതെ എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും, നായികമാർ പുറത്തു പോകുമ്പോൾ, അവർ ധരിക്കുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് പറഞ്ഞതെന്നും ശിവാജി കൂട്ടിച്ചേർത്തു. തന്റെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“ഇക്കാലത്ത് നായികമാർ പലപ്പോഴും ദുഷ്‌കരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുണ്ട്. നല്ല വാക്കുകൾ പറയാൻ ശ്രമിച്ചപ്പോൾ, ഞാൻ ചില മോശം വാക്കുകൾ ഉപയോഗിച്ചു പോയി. എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. നായികമാർ പുറത്തു പോകുമ്പോൾ, അവർ ധരിക്കുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം.” ശിവാജി കുറിച്ചു.
“എന്റെ ഉദ്ദേശ്യം നല്ലതായിരുന്നു, പക്ഷേ, ആ രണ്ട് വാക്കുകൾ പുറത്തു വരാതിരുന്നെങ്കിൽ നന്നായിരുന്നു. നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഇന്നലെ രാത്രി നടന്ന പരിപാടിയിൽ ഉപയോഗിച്ച വാക്കുകൾക്ക് ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു.” ശിവാജി കൂട്ടിച്ചേർത്തു.
ഗായിക ചിന്മയി, സംവിധായകൻ രാം ഗോപാൽ വർമ, അഭിനേതാക്കളായ ലക്ഷ്മി മഞ്ജു, മഞ്ജു മനോജ്, അനസൂയ ഭരദ്വാജ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ധണ്ടോര എന്ന പുതിയ ചിത്രത്തിൻ്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്. രീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും താൻ അഭ്യർത്ഥിക്കുകയാണെന്നും, ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂവെന്നും ശിവാജി പറഞ്ഞു. കൂടാതെ മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളതെന്നും ശിവാജി കൂട്ടിച്ചേർത്തു.