
സിനിമകളിൽ കാമിയോ വേഷങ്ങൾ ചെയ്യുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി നടൻ ശിവ രാജ്‌കുമാർ. ജയിലറിന്റെ ആദ്യ ഭാഗത്തേക്കാൾ അല്പം കൂടെ ദൈർഘ്യമുള്ള കഥാപാത്രമാണ് രണ്ടാം ഭാഗത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമാ 47 സിനിമയുടെ പ്രമോഷൻ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയിലർ 2 സിനിമയുടെ എന്റെ സീനിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്തു. ജനുവരിയിൽ കുറച്ച് ഷൂട്ടുകൾ കൂടെ ബാക്കിയുണ്ട്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായുള്ള കാമിയോ വേഷമാണ് എന്റേത്. ആദ്യ ഭാഗത്തേക്കാൾ ഇക്കുറി വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ട്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള സൗഹൃദം സ്ഥാപിക്കുന്നതിനും, നടന്മാർ തമ്മിലുള്ള അടുപ്പം കൂട്ടുന്നതിനും കൂടെയാണ് സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്യുന്നത്.’ ശിവ രാജ്കുമാർ പറഞ്ഞു.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലർ 2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രജനികാന്ത് നായകനാകുന്ന സിനിമയിൽ നിരവധി കാമിയോ റോളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.