മാധ്യമങ്ങളെ പേടിയില്ല, ആരെയും കണ്ട് പേടിച്ച് ഓടിയതല്ല: ഷൈന്‍ ടോം

മാധ്യമങ്ങളെ പേടിച്ചല്ല, ഒരു എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടിയാണ് താന്‍ ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ. മാധ്യമപ്രവര്‍ത്തകരെ പേടിച്ചാണോ ഓടിപ്പോയത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ”അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല.”ഷൈന്‍ പറഞ്ഞു. പുതിയ ചിത്രമായ അടിത്തട്ടിന്റെ ആദ്യ ഷോ കാണാന്‍ എത്തിയപ്പോഴായിരുന്നു ഷൈനിന്റെ മറുപടി.

‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലൂടെ ഓടിപ്പോകുന്ന ഷൈന്‍ ടോം ചാക്കോയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. സിനിമയുടെ വിശേഷങ്ങള്‍ ഷൈന്‍ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പുറകെ ഓടി.

തീയേറ്ററിനു ചുറ്റും ഓടിയ ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തീയേറ്റര്‍ വളപ്പില്‍നിന്നു റോഡിലേക്ക് ഇറങ്ങി.

ജിജോ ആന്റണി സംവിധാനം ചെയ്യ്ത സിനിമയാണ് ‘അടിത്തട്ട്’.സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയ്ക്കുമൊപ്പം പ്രശാന്ത് അലക്‌സാണ്ടര്‍, മുരുഗന്‍ മാര്‍ട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൂര്‍ണമായും ആഴക്കടലില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഡാര്‍ക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ ദൃശ്യവത്കരിക്കപ്പെട്ടിട്ടുള്ള ഒരു വ്യത്യസ്ത ത്രില്ലര്‍ അനുഭവം നല്‍കുന്ന ഒരു സിനിമയാണിത്.സൂസന്‍ ജോസഫും സിന്‍ ട്രീസയും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.