സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്‌നമൊന്നുമില്ല ; ഷൈന്‍ ടോം ചാക്കോ

സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്‌നമില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. അത്തരത്തില്‍ സിനിമയില്‍ സ്ത്രീ- പുരുഷ വ്യത്യാസം ഇല്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈന്‍.

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും പ്രശ്നമുണ്ട്. എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേര്‍ നടന്‍മാരാകുന്നു. എന്തായാലും സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലതും താരം പറഞ്ഞു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ സിനിമയില്‍ വനിതാ സംവിധായകരുടെ എണ്ണം കൂടിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്ന ഒരു ചോദ്യം ഉയര്‍ന്നപ്പോള്‍ അതിന് താരം നല്‍കിയ മരുപടി ഇങ്ങനെയായിരുന്നു.

അവര്‍ വന്നാല്‍ പ്രശ്നം കൂടുകയേയുള്ളൂ. ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാല്‍ പെണ്‍കുട്ടികള്‍ പറയും, എനിക്ക് കൂട്ടുകാരികളേക്കാള്‍ ഇഷ്ടം കൂട്ടുകാരന്‍മാരെ ആണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍, അമ്മായി അമ്മ മരുമകള്‍ പ്രശ്നം ഉണ്ടാകില്ലല്ലോ- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് വിചിത്രം. പേര് പോലെ തന്നെ വളരെ വിചിത്രമാണ് സിനിമയെന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പേര് കൊണ്ട് തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയയ്ലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.

ചിത്രം ഒക്ടോബര്‍ 14ന് തിയോറ്ററുകളിലെത്തും. കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ചു വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ രവീന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അര്‍ജുന്‍ ബാലകൃഷ്ണനാണ്. മിഥുന്‍ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്.