
ജനപ്രിയ താരം കോട്ടയം നസീർ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ‘ജയിലർ 2’ സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ചു. ‘അവറാച്ചൻ ആൻഡ് സൺസ്’ സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് അദ്ദേഹം മനസ് തുറന്നത്.
രജനികാന്തിനെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് വലിയൊരു ഭാഗ്യവും സ്വപ്നതുല്യമായ അനുഭവവുമാണെന്ന് കോട്ടയം നസീർ പറഞ്ഞു. താൻ വരച്ച പെയിന്റിങ്ങുകളുടെ പുസ്തകം രജനികാഞ്ചിന് സമ്മാനിക്കാൻ സാധിച്ചുവെന്നും, അദ്ദേഹം അത് ഏറെ കൗതുകത്തോടെ നോക്കിക്കണ്ട് അഭിനന്ദിച്ചെന്നും താരം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ മലയാളത്തിൽ നിന്നും മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി പ്രേക്ഷകരെ പോലെ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡബ്ബിംഗ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണ് താൻ കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നസീറിന്റെ വാക്കുകൾ;
നിങ്ങളെപ്പോലെ തന്നെ ഞാനും വളരെ ആവേശത്തിലാണ്. കാര്യം ഫുൾ ആയിട്ട് നമ്മൾ കണ്ടിട്ടില്ല. ഡബ്ബ് ചെയ്തപ്പോൾ കണ്ടത് മാത്രമേയുള്ളൂ. രജനി സാറിനെ കാണാൻ പറ്റി, പരിചയപ്പെടാൻ പറ്റി. എന്റെയൊരു പെയിന്റിങ്ങിന്റെ ബുക്ക് അദ്ദേഹത്തിന് കൊടുക്കാൻ പറ്റി. അത് അദ്ദേഹം കണ്ടു. വളരെ ആവേശത്തോടെ അതേക്കുറിച്ച് സംസാരിച്ചു. ചേർത്ത് നിർത്തി ഫോട്ടോ എടുത്തു. എല്ലാം ഒരു സ്വപ്നം പോലെ”.- കോട്ടയം നസീർ പറഞ്ഞു.
കോട്ടയം നസീറിനും മോഹന്‍ലാലിനും പുറമെ സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്, മിര്‍ണ, അന്ന രാജന്, ഷംന കാസിം തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.